തിരുവനന്തപുരം: മാറാട് കലാപവുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ നടത്തിയ വിവാദ പരാമർശത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വർഗീയ കലാപങ്ങൾ അരങ്ങേറിയ ഒരു കാലമുണ്ടായിരുന്നുവെന്നും ഇത് ഓർമിപിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കുമെന്നും അപ്പോൾ പലമാറാടുകളും ആവർത്തിക്കുമെന്നുമായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന.
‘ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്‍തമായ ചിത്രം കേരളത്തിൽ ഉണ്ടായിരുന്നു. അതാണ് എ.കെ. ബാലൻ ഓർമിപ്പിച്ചത് എന്നാണ് ഞാൻ കരുതുന്നത്. അതിനിഷ്ഠൂരമായ കലാപമായിരുന്നു മാറാട് കലാപം. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അവിടെ സന്ദർശിക്കുമ്പോൾ മന്ത്രി കുഞ്ഞാലിക്കുട്ടി കൂടെ വരാൻ പാടില്ലെന്ന് ആർ.എസ്.എസ് നിബന്ധനവെച്ചിരുന്നു. അതനുസരിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. ഞാൻ പാർട്ടി ഭാരവാഹിയായിരിക്കെ അവിടെ ആരുടെ അനുമതിയും വാങ്ങാതെ അവിടെ പോയിരുന്നു. യു.ഡി.എഫ് വർഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്നം. അതിന്റെ ഉദാഹരണമാണ് അവിടെ കണ്ടത്. വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. പക്ഷേ, അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമിച്ചാൽ കർക്കശമായി നേരിടും. ഏത് വർഗീയതയായാലും നാടിനാപത്താണ് എന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. ഈ പറയുന്ന തരത്തിൽ ഒരു നിലയുണ്ടായാൽ യു.ഡി.എഫ് എന്ത് സമീപനം സ്വീകരിക്കുമെന്ന് സൂചിപ്പിക്കാനാണ് ബാലൻ ശ്രമിച്ചത് എന്നാണ് ഞാൻ കരുതുന്നത്’ -പിണറായി വിജയൻ പറഞ്ഞു.
ഏത് വർഗീയതയായാലും നാടിനാപത്താണ്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണ് ഭൂരിപക്ഷവോട്ട് കേന്ദ്രീകരിക്കലാകുക? അത് ന്യൂനപക്ഷവർഗീയവാദികളായ ജമാഅത്തെ ഇസ്‍ലാമിയുടെ പ്രചാരണമാണ്. വർഗീയതയെ പറയുമ്പോൾ അത് ഏതെങ്കിലും ജനവിഭാഗത്തിനെതിരെയല്ല. ആർഎസ്എസിനെതിരെ പറയുമ്പോൾ ഹിന്ദുക്കളെയോ, ജമാഅത്തെ ഇസ്‍ലാമിയെയോ എസ്ഡിപിഐയ്ക്കോ എതിരെ പറയുമ്പോൾ മുസ്ലിങ്ങളെയോ ആണോ എതിർക്കുന്നത്? എല്ലാ മതവിഭാഗങ്ങളിലുമുള്ള മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത ശക്തിപ്പെടുത്തിയാലേ വർഗീയതയെ നേരിടാനാകൂ. അപരമതവിദ്വേഷം വളർത്തുന്നവരെ തുറന്നുകാണിക്കണം. നാട്ടിൽ മതനിരപേക്ഷതയും സമാധാനവും പുലരുക എന്നത് പ്രധാനമാണ്.
വർഗീയതവെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നവല്ല എൽഡിഎഫ്. കോൺഗ്രസിന്റെ സിംല സമ്മേളനത്തിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞത് ജനങ്ങൾ ഓർക്കുന്നുണ്ട്. കേരളത്തിൽ ന്യൂനപക്ഷം സംഘടിതശക്തി ഉപയോഗിച്ച് സർക്കാരിനോട് വിലപേശൽ നടത്തുന്നു എന്നാണ് ആന്റണി പറഞ്ഞത്. ഇങ്ങനെ ആക്ഷേപം ഉന്നയിച്ചുകൊണ്ടാണ് ആന്റണി രാജിവെച്ചത്.
മലബാറിൽ മുസ്‍ലിം ലീഗിന് കൂടുതൽ സീറ്റ് കൊടുക്കുന്നതിനെതിരെ നിലപാടെടുത്ത നേതാവാണ് സി കെ ഗോവിന്ദൻ നായരെന്ന് അദ്ദേഹത്തിന്റെ അനുസ്മരണപരിപാടിയിൽ പറഞ്ഞയാളാണ് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല. സി കെ ഗോവിന്ദൻ നായർ പറഞ്ഞത് അക്ഷരംപ്രതിശരിയാണെന്ന് പിൽക്കാലത്ത് തെളിഞ്ഞെന്നും അന്ന് ചെന്നിത്തല പറഞ്ഞു. വർഗീയശക്തികളുമായും സാമുദായിക സംഘടനകളുമായും ഒരു ലക്ഷ്മണരേഖ വേണമെന്ന സി കെ ഗോവിന്ദൻ നായരുടെ പ്രസ്താവനയെ ഉയർത്തിപ്പിടിക്കുകയാണ് അന്ന് ചെന്നിത്തല ചെയ്തത്. അതേ ചെന്നിത്തലയാണ് ഇപ്പോൾ ജമാഅത്തെ ഇസ്‍ലാമിയെ യുഡിഎഫിൽ അണിനിരത്താൻ നേതൃസ്ഥാനത്തുള്ളത്.
വി ഡി സതീശൻ, കെ മുരളീധരൻ, ആര്യാടൻ മുഹമ്മദ് ഇവരെല്ലാം മുൻപ് പറഞ്ഞതൊക്കെ പൊതുമണ്ഡലത്തിലുണ്ട്. യുഡിഎഫ് ഭരണകാലത്തെ അഞ്ചാംമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദം ഏവർക്കും ഓർമയുണ്ട്. അഞ്ചാംമന്ത്രി സ്ഥാനം അപക്വമായ തീരുമാനമാണെന്നും, രാഷ്ട്രീയമായി ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കിയതെന്ന് ലീഗ് നേതൃത്വം ചിന്തിക്കണമെന്നുമാണ് അന്ന് സതീശൻ പറഞ്ഞത്. ഈ വിഷയം വഷളാക്കി കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതിന് പകരം ലീഗിന് ആഗ്രഹം കൊടുത്താൽ മതിയായിരുന്നുവെന്നും സതീശൻ പറഞ്ഞിരുന്നു.
മലബാറിൽ പുതിയ 33 സ്കൂളുകൾ ആരംഭിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനമെടുത്തപ്പോഴും സതീശൻ വിമർശിച്ചിരുന്നു. കേരളത്തിലെ സാമൂഹ്യപശ്ചാത്തലം നോക്കിവേണം സ്കൂളുകൾ അനുവദിക്കേണ്ടതെന്നും, മലബാറിൽ അനുവദിച്ച സ്കൂളുകൾ ഭൂരിപക്ഷസമുദായത്തിന്റെ കേന്ദ്രീകരണത്തിനിടയാക്കും എന്നും സതീശൻ പ്രസംഗിച്ചതാണ്. ഇതേ സതീശനാണ് ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും പറഞ്ഞത്.
തരാതരംപോലെ വർഗീയത കളിക്കുകയും അത് മൂടിവെക്കാൻ നല്ലപിള്ള ചമയുന്നവരുമാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ, മതനിരപേക്ഷതയുടെ ഭാഗത്ത് ഉറച്ചുനിന്ന്, ഏത് വർഗീയതയെയും എതിർക്കുന്ന സ്ഥായിയായ നിലപാടാണ് എൽഡിഎഫിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ, രണ്ടു ദിവസംകൊണ്ട് അവർ ബി.ജെ.പിയായി മാറുമെന്നും എ.കെ ബാലൻ പറഞ്ഞിരുന്നു. ‘വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഛിന്നഭിന്നമാകും. ഫലം വരുമ്പോൾ കോൺഗ്രസ് പൂർണമായും അലസിപ്പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റെന്ന യു.ഡി.എഫിന്റെ ലക്ഷ്യം, മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
ഇടതു മുന്നണി തുടർച്ചയായി മൂന്നാം വട്ടവും അധികരത്തിൽ വരും. വർഗീയ കലാപങ്ങൾ തടഞ്ഞത് ഇടത് സർക്കാരാണ്. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ആർ.എസ്.എസിനെതിരെ ശക്തമായ നിലപാടെടുത്ത് മാറ് കാട്ടിയ ധീരനാണ് പിണറായി വിജയൻ. മതന്യൂനപക്ഷങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകര്യതയും പ്രതിച്ഛായയുമാണുള്ളത്.
വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. എന്നാൽ, അതിനുള്ള അവസരം ഒരുക്കിയത് മുസ്‍ലിം ലീഗാണ്. ജമാഅത്തെ ഇസ്‍ലാമിയേക്കാൾ മോശം രീതിയിലാണ് ലീഗിന്റെ ചില നേതാക്കൾ പ്രതികരിക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ, രണ്ടു ദിവസംകൊണ്ട് അവർ ബി.ജെ.പിയായി മാറും. യു.ഡി.എഫ് ഭരിച്ചാൽ കേരളത്തിലെ ആഭ്യന്തര കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്‍ലാമിയായിരിക്കും. അപ്പോൾ പലമാറാടുകളും ആവർത്തിക്കും. അതിനു പറ്റിയ സമീപനമാണ് ലീഗും, ആർ.എസ്.എസും സ്വീകരിക്കുന്നത്. ഒന്നാം മാറാടും, രണ്ടാം മാറാടും സംഭവിച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമി നോക്കി നിന്നു. അവിടെ ജീവൻ കൊടുത്ത് നേരിട്ടത് എന്റെ പ്രസ്ഥാനമാണ്’ -എ.കെ ബാലൻ പറഞ്ഞു.
മാറാട് കലാപത്തിന്റെ മുറിവുണക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചതെന്നും ബിജെപി പോലും രാഷ്ട്രീയ ആയുധമാക്കാത്ത കാലത്ത് മാറാടിനെ ആയുധമാക്കാന്‍ സിപിഎം ശ്രമിക്കരുതെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലന് ജമാഅത്തെ ഇസ്‍ലാമി വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. പ്രസ്താവന പിന്‍വലിച്ച് ബാലന്‍ മാപ്പു പറയണമെന്നാണ് സംഘടനയുടെ ആവശ്യം.
ജമാഅത്തിനെ ടൂള്‍ ആക്കിയുള്ള സിപിഎം നീക്കം അപകടകരമാണെന്നും അതില്‍ നിന്ന് പിന്മാറണമെന്നും പി. മുജീബ് റഹ്മാന്‍ പറഞ്ഞു. സംഘപരിവാറിനെ തടയുന്നതിനു ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ബാധ്യത. ഇതിനായി ഇടത് വലത് സംഘടനകള്‍ ഒരുമിച്ചു നില്‍ക്കണം. അങ്ങനെ നിന്നിരുന്നെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കില്ലായിരുന്നു. ജമാഅത്തെ ഇസ്‌ലാമി എന്ത് വര്‍ഗീയ പ്രവര്‍ത്തനം ആണ് നടത്തിയിട്ടുള്ളത് എന്ന് സിപിഎം വ്യക്തമാക്കണം. വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കളെ വിലക്കണം. വിവേകമുള്ളവര്‍ സിപിഎമ്മില്‍ ഉണ്ടെങ്കില്‍ എ.കെ ബാലനെ തിരുത്തണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.