തിരുവനന്തപുരം: വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിതം പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്നു ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍. പോങ്ങുംമൂട് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ശരീരികമായ അസുഖങ്ങള്‍ ഉണ്ടായപ്പോള്‍ അത് തന്റെ വിശുദ്ധീകരണത്തെ സഹായിക്കുന്നതിനായി അല്‍ഫോന്‍സാമ്മ പരിഗണിച്ചു. തന്റെ ജീവിതത്തില്‍ കൂടുതലായി കഷ്ടതകള്‍ വരുന്നതിനു ആഗ്രഹിക്കുകയും അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. കഷ്ടതകളില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് അല്‍ഫോന്‍സാമ്മ മുന്നോട്ടു പോയി.
കൊച്ചുകുട്ടിയായിരുന്നപ്പോള്‍ തന്നെ വിശുദ്ധിയിലേക്കുള്ള പാതയിലായിരുന്നു അല്‍ഫോന്‍സാമ്മ. വിശുദ്ധിക്ക് പ്രായം ഒന്നുമില്ല, വളരെ ചെറുപ്പത്തില്‍ത്തന്നെ വിശുദ്ധരായ ഒട്ടേറെപ്പേരുണ്ട്. ഡോമിനിക് സാവിയോയും കൊച്ചുത്രേസ്യയും മരിയ ഗൊരേത്തിയും ഒക്കെ അക്കൂട്ടത്തില്‍പ്പെടും. അല്‍ഫോന്‍സാമ്മ ഈ ലോകത്തില്‍ വളരെ കുറച്ചുനാള്‍ ജീവിച്ച് വിശുദ്ധയായി. വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ചതുപോലെ സഹനത്തില്‍ ജീവിക്കുവാന്‍ നമുക്കും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 8.30ന് ലൂര്‍ദ് ഫൊറോന ദേവാലയത്തില്‍ നിന്നും ആരംഭിച്ച തെക്കന്‍ മേഖല അല്‍ഫോന്‍സാ തീര്‍ഥാടനത്തിന് ലൂര്‍ദ് ഫൊറോന വികാരി ഫാ.മോര്‍ളി കൈതപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. 10 മണിയോടെ കൊച്ചുള്ളൂരില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടന പദയാത്രയ്ക്ക് ഉജ്വല സ്വീകരണം ലഭിച്ചു. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനു ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റി. ലൂര്‍ദ് ഫൊറോന വികാരി ഫാ.മോര്‍ളി കൈതപ്പറമ്പില്‍, പോങ്ങുംമൂട് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം വികാരി ഫാ.മോബന്‍ ചൂരവടി തുടങ്ങിയവര്‍ തിരുനാള്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.