‘സഭയുമായി പിണക്കമില്ല; വിമർശിച്ചത് പത്രവാർത്തയെ’; പാലാ ബിഷപ്പിനെ കണ്ടശേഷം പുതിയ ന്യായവാദവുമായി ഷോൺ ജോർജ്

കൊച്ചി: സിറോ മലബാർ സഭാ ആസ്ഥാനത്ത് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നിലപാട് മയപ്പെടുത്തി ഷോൺ ജോർജ്. സഭയുമായി പിണക്കമില്ലെന്നും ബിഷപ്പുമായി സംസാരിച്ചുവെന്നും ഷോൺ ജോർജ് പറഞ്ഞു. സഭയെയല്ല, ദീപിക പത്രത്തെയാണ് വിമർശിച്ചത്. സഭയുടെ കാഴ്ചപ്പാട് മാത്രമല്ല ദീപികയിൽ വരുന്നത്. തന്റെ നിലപാട് എന്താണെന്ന് വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. പരാതികൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ മാത്രമേ അത് മാറ്റേണ്ടതുള്ളൂ. എന്റെ പാർട്ടിയുടെ നിലപാടിൽ നിന്നുകൊണ്ട് ഒരു ക്രൈസ്തവ സഭാംഗമെന്നുള്ള നിലയിൽ എനിക്കുണ്ടായ ബുദ്ധിമുട്ടുകൾ പങ്കുവെച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. മാർ റാഫേൽ തട്ടിലിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോൺ.

ദീപിക പത്രത്തിലെ വാർത്തയെ കുറിച്ചാണ് താൻ വിമർശനം ഉന്നയിച്ചതെന്നും ദീപിക പത്രത്തിന്റെ നിലപാട് എന്നത് സഭയുടെ നിലപാട് അല്ലെന്നുമാണ് ഷോൺ ജോർജിന്റെ ന്യായം. പാർട്ടി ചുമതലപ്പെടുത്തിയിട്ടാണ് സഭയുമായി ചർച്ചക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജിനും മകൻ ഷോണിനുമെതിരെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഷോൺ ജോർജിന്റെ പ്രതികരണം. ദീപികയിൽ വരുന്നതെല്ലാം സഭയുടെ അഭിപ്രായങ്ങൾ ആണെന്ന് ആർക്കെങ്കിലും ധാരണയുണ്ടെങ്കിൽ അത് മാറ്റുകയാണ് താൻ ചെയ്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. താൻ പാർട്ടിയുടെ ഭാഗമായി നിൽക്കേണ്ട ആളാണ്. അതിനാൽ ക്രൈസ്തവസഭയുടെ ഭാഗമായി നിന്നുകൊണ്ട് തന്റെ ആശങ്കകൾ അറിയിച്ചു എന്ന് മാത്രം. താൻ പറഞ്ഞതിനെ സഭയെ ചിലർ തെറ്റിദ്ധരിപ്പിച്ചു. ബിജെപിയോ താനോ ഒരാളെയും പേരെടുത്ത് വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭം ഒന്നും നോക്കാതെ സഭയ്ക്ക് വേണ്ടി നിലകൊണ്ടയാളാണ് പി സി ജോർജ്. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെതല്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഷോൺ ജോർജ് വ്യക്തമാക്കി.

‘ഞാൻ സ്വന്തം പിതാവിനേക്കാൾ ബഹുമാനിക്കുന്ന ആളാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഒളിച്ചും പാത്തും നിലപാട് സ്വീകരിക്കേണ്ട എന്ന് പാലാ ബിഷപ്പ് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. അപ്പോൾ ഏതു പാര്‍ട്ടിയാണ് സഭക്ക് വേണ്ടിയും വിശ്വാസികള്‍ക്കു വേണ്ടിയും കാര്യങ്ങൾ ചെയ്തത് എന്ന് ചർച്ച ചെയ്യപ്പെടും. അത് സ്വാഗതം ചെയ്യുന്നു.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ പാലാ ബിഷപ്പിനെതിരെ ആക്രോശിക്കുകയും രൂപതാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുകയും ചെയ്ത ഇടതുപക്ഷവും അവർക്കൊപ്പമുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പും എട്ടു കേസുകള്‍ പിതാവിനെതിരെ എടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിതാവിനെ തുറുങ്കിൽ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രണ്ടു മുന്നണിയിൽ നിന്നും ക്രൈസ്തവർക്ക് നീതി കിട്ടില്ലെന്ന ചിന്ത ഉടലെടുത്തത് പിതാവിനെതിരായ അക്രമത്തിൽനിന്നാണ്. അന്ന് പിതാവിന് അനുകൂലമായി പിന്തുണ നൽകിയത് ബി.ജെ.പിയും ആർ.എസ്.എസും പിന്നെ പി.സി. ജോർജുമാണ്.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാണോ എന്നതുപോലും മാർ ജോസഫ് കല്ലറങ്ങാട്ടിനോട് ചോദിച്ചിട്ടാണ് പാർട്ടിയിൽ സമ്മതം അറിയിച്ചതെന്നും ഷോൺ ജോർജ് പറഞ്ഞു. എഫ്.സി.ആർ.എ ഒരു സമുദായത്തിന് മാത്രമുള്ളതല്ല. ഇത് കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സർക്കാരാണ്. സഭ പരസ്യ നിലപാട് സ്വീകരിക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് എന്താണ് സഭക്ക് വേണ്ടി ചെയ്തതെന്നും പരിശോധിക്കണം. വഖഫ് ഭേദഗതി ബിൽ വന്ന സമയത്ത് അതിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭ കേരളത്തിലെ എല്ലാ എം.പിമാർക്കും കത്തയച്ചിരുന്നു. അവർ ബില്ലിനെ പിന്തുണച്ചില്ല.

ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കൻ പൗരന്റെ അക്കൗണ്ട് വഴി മണിപ്പൂർ കലാപത്തിന് പണം ചെന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.സി.ആർ.എ വേഗത്തിലാക്കിയതെന്നാണ് തന്റെ അറിവ്. ദേശസുരക്ഷയെ കരുതി സർക്കാർ എടുത്ത തീരുമാനത്തിൽ സഭക്ക് ആകുലതയുണ്ടെന്ന് പറഞ്ഞപ്പോൾ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമഫലമായാണ് ബിൽ മാറ്റിവെച്ചെന്നും ഷോൺ ജോർജ് പറഞ്ഞു.

Tags:    
News Summary - 'No dispute with the church; criticized the newspaper report'; Sean George comes up with a new argument after meeting the Bishop of Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.