വനവാസത്തിന് പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം: കൂട്ടിന് എറണാകുളം ഡി.സി.സി പ്രസിഡന്‍റിനെയും കൂട്ടാം -കെ.യു. ജനീഷ് കുമാർ

കോന്നി: പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി കെ.യു. ജനീഷ് കുമാർ. ജില്ലയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടുമെന്ന പ്രതിപക്ഷ നേതാവിന്‍റെ അവകാശവാദം സ്വപ്നം മാത്രമാണെന്നും തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ശ്രീരാമചന്ദ്രന്‍റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ കുറിച്ചു. ശ്രീരാമനൊപ്പം ലക്ഷ്മണൻ പോയതുപോലെ, കൂട്ടിന് എറണാകുളം ഡി.സി.സി പ്രസിഡന്‍റിനെയും ഒപ്പം കൂട്ടാവുന്നതാണ്. മെയ് നാലോടെ യു.ഡി.എഫിന്‍റെ അവകാശവാദങ്ങൾ പൊളിയുമെന്നും അന്ന് അങ്ങേക്ക് വനവാസത്തിന് വരാമെന്നും ജനീഷ് കുമാർ പരിഹസിച്ചു. പത്തനംതിട്ട ജില്ലയിൽ അഞ്ച് സീറ്റും യു.ഡി.എഫ് നേടുമെന്നത് സതീശന്‍റെ നുണകളിൽ ഏറ്റവും വലിയ നുണയാണ്.

മെയ് നാലുവരെ സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തിയത്. ജില്ലയിൽ അഞ്ച് സീറ്റുകളിലും എൽ.ഡി.എഫ് വിജയം ആവർത്തിക്കുമെന്നും അതിൽ ആറന്മുളയിലായിരിക്കും ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വനവാസത്തിന് പോകുമ്പോൾ കേരളം ദുഃഖിക്കില്ലെന്നും ജനീഷ് കുമാർ പറഞ്ഞു. രാമൻ വനവാസത്തിന് പോയപ്പോൾ അയോധ്യയിലെ ജനങ്ങൾ ദുഃഖിച്ചതുപോലെ കേരളം പ്രതികരിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പകരം, കേരളത്തിലെ ജനങ്ങൾ അങ്ങയോട് ചോദിക്കുക ഫണ്ടെവിടെ, വീടെവിടെ എന്നായിരിക്കും.

ഫേസ്ബുക്ക് കുറിപ്പ്

വനവാസത്തിനായി ബഹു. പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം.

പത്തനംതിട്ട ജില്ലയിലെ എല്ലാ സീറ്റും തൂത്തുവാരും എന്ന ആഗ്രഹം വെറും സ്വപ്നമാണെന്ന് മെയ് 4 തെളിയിക്കും.

ഇനി അങ്ങ് വനവാസത്തിന് പോകുന്ന കാര്യം ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ നിരവധി അവശേഷിപ്പുകളുള്ള നാടാണ് കോന്നി. വനവാസത്തിനുള്ള സൗകര്യങ്ങളെല്ലാം തന്നെ ഇവിടെയുണ്ട്. ശ്രീരാമനൊപ്പം സഹോദരനായ ലക്ഷ്മണനും വനവാസത്തിനായി പോയതിനാൽ എറണാകുളം ഡി.സി.സി പ്രസിഡന്റിനേയും ഒപ്പം കൂട്ടാവുന്നതാണ്.

അങ്ങയുടെ നുണകളിലെ ഏറ്റവും വലിയ നുണയാണല്ലോ പത്തനംതിട്ട ജില്ലയിൽ 5 സീറ്റ് യു.ഡി.എഫ് നേടും എന്നു പറഞ്ഞത്.

മെയ് 4 വരെ വനവാസം ഒഴിവാകും എന്നു കരുതി സുഖമായി ഉറങ്ങാനാണ് അങ്ങ് അത് പറഞ്ഞതെന്ന് എനിക്കറിയാം. ആറന്മുളയായിരിക്കും ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിക്കുക. അവിടെ തോൽക്കുന്ന ആൾ കൂടെ വരാം എന്നു പറയുമെങ്കിലും കൂട്ടരുത്. ഹരിപ്പാടു നിന്നുള്ള പാര കയ്യിൽ കരുതിയിട്ടുണ്ടാകും.

ജില്ലയിലെ 5 സീറ്റ് എൽ.ഡി.എഫ് വിജയിച്ച് നിലനിർത്തുകയും അങ്ങ് വനവാസത്തിനായി കോന്നിയിലേക്ക് വരികയും ചെയ്യുമ്പോൾ

രാമനോടുള്ള പിന്തുണയും, പ്രതിബദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് ദുഃഖിതരായ അയോധ്യയിലെ ജനതയെപ്പോലെ കേരളം ദു:ഖിക്കില്ല.

കാരണം കേരളം അപ്പോഴും അങ്ങയോടു ചോദിക്കും.

ഫണ്ടെവിടെ....

വീടെവിടെ......

Tags:    
News Summary - Opposition leader welcomed to Konni for Vanavasam: Ernakulam DCC President can also be included in the group - K.U. Janeesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.