കേരളം ലക്ഷ്യമിടുന്നത് മാവോവാദികള്‍ക്കെതിരായ സായുധനീക്കം

തിരുവനന്തപുരം: മാവോവാദികള്‍ക്കെതിരായ പൊലീസ് നടപടി സംബന്ധിച്ച രാഷ്ട്രീയവിവാദങ്ങള്‍ കൊഴുക്കുമ്പോഴും സംസ്ഥാനം ലക്ഷ്യമിടുന്നത് തീവ്രഇടതുസംഘടനകള്‍ക്കെതിരായ സായുധപോരാട്ടം തന്നെ. ഇത് മുന്നില്‍കണ്ടാണ് മാവോവാദിവേട്ടക്ക് ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍, കേരളത്തില്‍ മാവോവാദി സാന്നിധ്യം ശക്തമാണെന്ന നിലപാടാണ് സംസ്ഥാനം കൈക്കൊണ്ടത്. വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മാവോവാദിസാന്നിധ്യം സ്ഥിരീകരിച്ചതത്രെ. മാവോവാദികളെ നേരിടാന്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍െറ ഒരു യൂനിറ്റ് കൂടി അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചില്ളെങ്കിലും ഫണ്ട് ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. എത്ര കോടിയാണ് സംസ്ഥാനത്തിന് അനുവദിക്കുന്നത് എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. എന്നാല്‍ കേരള, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയില്‍ സംയുക്തനീക്കങ്ങള്‍ നടത്താനാണ് കേന്ദ്രനിര്‍ദേശം.

ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്‍ഡിച്ചര്‍ ഇനത്തില്‍ ഫണ്ട് അനുവദിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഈയിനത്തില്‍ 2.4 കോടി രൂപയും ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സര്‍വിസ് ഫെസിലിറ്റീസ് ഇനത്തില്‍ 10.11 കോടി രൂപയുമാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. നീലഗിരിജില്ലയിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. ഇത് ഏറക്കുറെ കേന്ദ്രം അംഗീകരിച്ചതായാണ് വിവരം. ഈ സാഹചര്യത്തില്‍ ‘മാവോവാദിവേട്ടയുടെ’ പേരില്‍ കേരളത്തിലും അതിര്‍ത്തിപ്രദേശങ്ങളിലും പൊലീസ്നടപടികള്‍ ശക്തമാകുമെന്നാണ് സൂചന. ആശയപരമായ ഭിന്നതകളുടെ പേരില്‍ മാവോവാദികളെ കൊന്നൊടുക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരുകയും നിലമ്പൂരിലെ പൊലീസ് നടപടി വിവാദങ്ങളിലേക്ക് കടക്കുകയും ചെയ്തത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. മാവോവാദിവേട്ടയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും കാനം വിമര്‍ശിച്ചു. എന്നാല്‍, പൊലീസ്നടപടിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ഇതുയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പാണ് മാവോവാദിവേട്ടക്ക് ഫണ്ട് തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്.


 

News Summary - maoist hunting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.