ഗവർണറെ ചാൻസലർ പദവിയിൽനിന്ന് നീക്കാനുള്ള ബില്ലിൽ നിയമക്കുരുക്കുകളേറെ

തിരുവനന്തപുരം: സർവകലാശാല ചാൻസലർപദവിയിൽനിന്ന് ഗവർണറെ നീക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലിൽ നിയമക്കുരുക്കുകൾ ഏറെ. ബില്ലിലെ വ്യവസ്ഥകൾ യു.ജി.സി റെഗുലേഷനും സുപ്രീംകോടതി വിധികൾക്കും വിരുദ്ധമാണെന്നും വിമർശനമുയർന്നു.

സർക്കാർ ഉത്തരവിലൂടെ നിയമിക്കുന്ന ചാൻസലർക്ക് കീഴിൽ പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രവർത്തിക്കേണ്ടിവരുമെന്ന പ്രോട്ടോകോൾ പ്രശ്നമാണ് ബില്ലിന്മേൽ ഉയർന്ന നിയമപ്രശ്നങ്ങളിലൊന്ന്. സർവകലാശാലകളുടെ കാര്യത്തിൽ ചാൻസലർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കാൻ പ്രോ-ചാൻസലറായ മന്ത്രിയും നിർബന്ധിതമാകും. ചാൻസലർക്ക് ഓഫിസും ജീവനക്കാരെയും അനുവദിക്കേണ്ടത് സർവകലാശാലകളാണ്.

ഇത് ചാൻസലറെ സർവകലാശാല ഭരണസംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കും. ചാൻസലർക്കുകൂടി സർവകലാശാലയിൽ ഓഫിസ് ഒരുങ്ങുന്നതോടെ വൈസ് ചാൻസലർക്ക് മുകളിലുള്ള അധികാര കേന്ദ്രമായി ചാൻസലറുടെ ഓഫിസ് മാറും. വി.സിയുടെ താൽക്കാലിക ഒഴിവിൽ ചുമതല പി.വി.സിക്ക് നൽകണമെന്ന ബില്ലിലെ വ്യവസ്ഥ യു.ജി.സി െറഗുലേഷന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സർവകലാശാല ബിൽ പ്രതിപക്ഷം എതിർക്കും; ഗവർണറെ പിന്തുണക്കില്ല

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും. ഇത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണക്കുന്ന തരത്തിലാവില്ല. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിലാണ് ധാരണ. യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാകാതെ നോക്കണമെന്നും ഇല്ലെങ്കില്‍ സഭയിൽ രാഷ്ര്ടീയമായി പ്രതിരോധത്തിലാവുന്ന സാഹചര്യമുണ്ടാകുമെന്നും യോഗം വിലയിരുത്തി.

ഗവര്‍ണറെ ലീഗ് പിന്തുണക്കാതിരിക്കുകയും കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ലീഗ് നേതൃയോഗത്തിലും ഇതാണ് ചര്‍ച്ചചെയ്തതും. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഗവര്‍ണറെ എതിര്‍ക്കുമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് വത്കരണം പോലെ അപകടകരമാണ് സര്‍വകലാശാലകളിലെ മാര്‍ക്‌സിസ്റ്റ്വത്കരണവും എന്ന നിലപാടാകും നിയമസഭയില്‍ പ്രതിപക്ഷം സ്വീകരിക്കുക.

ഗവര്‍ണറുടെ സമീപനങ്ങളോട് കടുത്ത വിയോജിപ്പുള്ള മുസ്ലിംലീഗിന് ബില്‍ ചര്‍ച്ചയിലെ നിലപാടുകള്‍ ഗവര്‍ണര്‍ക്ക് അനുകൂലമാകരുതെന്ന് നിര്‍ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാടിലേക്ക് പ്രതിപക്ഷം നീങ്ങുക. പ്രതിപക്ഷം നോട്ടീസ് നല്‍കുന്ന അടിയന്തരപ്രമേയങ്ങള്‍ മുന്‍കൂട്ടി കക്ഷിനേതാക്കളെയെല്ലാം ധരിപ്പിക്കണമെന്ന് കെ.പി.എ. മജീദ് നിർദേശിച്ചു. ഇക്കാര്യം അംഗീകരിച്ചു. 

Tags:    
News Summary - many legal entanglements in the bill to remove the governor from the post of chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.