പാലോട് (തിരുവനന്തപുരം): ബ്രൈമൂർ മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ ആറുവയസ്സുകാരി മരിച്ചു. ബന്ധുവായ യുവതിക്കായി തിരച്ചിൽ തുടരുന്നു. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് ഭവനിൽ സുനാജ്-അജ്മി ദമ്പതികളുടെ മൂത്ത മകൾ നസ്രിയ ഫാത്തിമ ആണ്(ആറ്) മരിച്ചത്.
നെടുമങ്ങാട്ടുനിന്ന് മങ്കയത്തെത്തിയ പത്തംഗ സംഘമാണ് ആറ്റിൽ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ പെട്ടത്. മങ്കയത്തിനു സമീപം വാഴത്തോപ്പ് കടവിലിറങ്ങിയാണ് സംഘം കുളിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ കുട്ടിയെ ഏറെ വൈകി സംഭവ സ്ഥലത്തുനിന്ന് അരകിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. ഉടൻ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാണാതായ നെടുമങ്ങാട് പുളിഞ്ചി സ്വദേശി ഷാനിക്കായാണ് രാത്രി വൈകിയും തിരച്ചിൽ തുടരുന്നത്.
സംഘത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേരാണ് വെള്ളത്തിൽ പെട്ടത്. ഇതിൽ മറ്റൊരു കുട്ടിയായ ആമിനയെ നേരത്തേ രക്ഷിച്ച് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചിരുന്നു. സംഘത്തിലെ ചിലർ സ്വയംരക്ഷപ്പെട്ടപ്പോൾ നാലുപേരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. നാട്ടുകാരും പാലോട് പൊലീസും വിതുരയിൽനിന്നെത്തിയ അഗ്നിരക്ഷസേനയും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ജില്ല കലക്ടർ, നെടുമങ്ങാട് ആർ.ഡി.ഒ, തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.