തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി മുരുകനെ വെൻറിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാലാണ് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂട്ടിരിപ്പുകാരില്ലാത്തതിനാലാണ് മുരുകന് ചികിത്സനിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. അത്യാഹിതവിഭാഗത്തിലെത്തുന്ന നല്ലൊരുശതമാനം പേരും കൂട്ടിരിപ്പുകാരില്ലാതെ അജ്ഞാതരായാണ് എത്തുക. പിന്നീടായിരിക്കും അപകടം അറിഞ്ഞ് ബന്ധുക്കളെത്തുക. ഇത്തരം അജ്ഞാതരോഗികളെ നോക്കാനായി അത്യാഹിതവിഭാഗത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
ന്യൂറോസര്ജന് ഇല്ലെന്ന് റഫര്‍ ചെയ്താണ് കൊല്ലം മെഡിട്രീന ആശുപത്രിയില്‍നിന്ന് മുരുകനെ രാത്രി ഒരുമണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ ആംബുലന്‍സിലെത്തി പരിശോധിച്ചു. മുരുകന് അതീവ ഗുരുതരാവസ്ഥയില്‍ കോമാ സ്റ്റേജിലാണെന്ന് ഡോക്ടര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍ രോഗിക്ക് വെൻറിലേറ്റര്‍ സൗകര്യം അത്യാവശ്യമായതിനാല്‍ മെഡിക്കല്‍ കോളജിലെ എല്ലാ ഐ.സി.യുകളിലും വെൻറിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍ എല്ലാ വെൻറിലേറ്ററുകളിലും ഗുരുതരാവസ്ഥയിലുള്ള രോഗികളായിരുന്നു കിടന്നിരുന്നത്. അവരെ മാറ്റിയാല്‍ അവരുടെ ജീവന് ഭീഷണിയാകും. മെഡിക്കല്‍ കോളജിലെത്തിയ രോഗിയെ പരിശോധിക്കാനും വെൻറിലേറ്റര്‍ സൗകര്യം ലഭ്യമാക്കാനുമുള്ള കാലതാമസം മാത്രമേ എടുത്തിരുന്നുള്ളൂ. ഈരോഗി ഇവിടെനിന്ന് ഒ.പി ടിക്കറ്റ് പോലും എടുത്തിട്ടില്ലായെന്നും സൂപ്രണ്ട് അറിയിച്ചു.
നടപടി കുറ്റകരമായ അനാസ്ഥ –മന്ത്രി
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾക്ക് ചികിത്സ നല്കാന് വിസമ്മതിച്ച ആശുപത്രികളുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചയാളെ ആരാണ് കൊണ്ടുവന്നത് എന്നുപോലും നോക്കാതെ ചികിത്സ നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. സമാനമായ നിയമമാണ് കേരള നിയമസഭയും പാസാക്കിയിട്ടുള്ളത്. ഇത് രണ്ടും ആശുപത്രികൾ ലംഘിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അപകടമരണങ്ങളില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമാണ്. പരിക്കേറ്റയാളുടെ രക്തനഷ്ടം ഒഴിവാക്കാനും സാധിച്ചാല്‍ മിക്കവാറും കേസുകളിലും ജീവന് രക്ഷിക്കാനാകും. അതിനായി ട്രോമാകെയര്‍ പദ്ധതി വിപുലീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിെൻറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സ് സൗകര്യങ്ങളും വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി –ഡി.ജി.പി
തിരുവനന്തപുരം: അപകടത്തിൽപെട്ട തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കൊല്ലത്തെ ചില ആശുപത്രികൾ വിസ്സമ്മതിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുെന്നന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. അപകടത്തിനിരയാകുന്നവരെ ചികിത്സിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണിത്. അപകടത്തിൽപെട്ടവരെ എത്രയുംവേഗം ആശുപത്രിയിൽ എത്തിക്കേണ്ടത് സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. അത്തരത്തിൽ ആശുപത്രിയിൽ എത്തുന്നവർക്ക് ലഭ്യമായ ഏറ്റവുംനല്ല ചികിത്സ ഉറപ്പാക്കാൻ ആശുപത്രികൾക്ക് ബാധ്യതയുണ്ട്. അപകടത്തിൽപെട്ടയാളിനെ വ്യക്തമായ കാരണങ്ങളില്ലാതെ പ്രവേശിപ്പിക്കാൻ വിസ്സമ്മതിച്ച ആശുപത്രികൾ വലിയതെറ്റാണ് ചെയ്തത്. ഇവർക്കെതിരേ കേെസടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ഡി.ജി.പി വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.