സ്ഥാപനത്തിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ

വാടാനപ്പള്ളി (തൃശൂർ): സ്ഥാപനത്തിൽ വർക്കിങ് പാർട്ണർ ആക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി ചെറുകാട് കോട്ടംപറമ്പത്ത് മുഹമ്മദ് ജാബിറിനെ (37) ആണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തളിക്കുളം അറക്കൽ ഷറഫുദ്ദീനെ തൃശൂർ ഒമാനിയോ ഇന്റർനാഷനൽ എന്ന സ്ഥാപനത്തിലെ വർക്കിങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2022 ഒക്ടോബർ 11നും 25നും അഞ്ചു ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങിച്ചു. ഒരു മാസം കഴിഞ്ഞ് തൃശൂർ എം.ജി റോഡിലെ ഒമാനിയോ ഇന്റർനാഷനൽ ഓഫിസിൽവെച്ച് 12 ലക്ഷം രൂപയും പ്രതി കൈപ്പറ്റി. പാലക്കാടുനിന്നാണ് പ്രതിയെ പിടികൂടിയത്.

ഷറഫുദ്ദീൻ കാളത്തോടുള്ള സുഹൃത്ത് വഴിയാണ് മുഹമ്മദ് ജാബിറിനെ പരിചയപ്പെട്ടത്. വർക്കിങ് പാർട്ണർ ആക്കിയാൽ മൂന്നു മാസം കൂടുമ്പോൾ കണക്ക് നോക്കി ലാഭത്തിന്റെ 20 ശതമാനം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തുക വാങ്ങിയത്. പണം കൊടുത്ത് മൂന്നു മാസത്തിനുശേഷം അന്വേഷിച്ചപ്പോൾ വർക്കിങ് പാർട്ണർ ആക്കിയിട്ടില്ലെന്നും മൂന്നു മാസത്തിനുശേഷം കാര്യങ്ങൾ ശരിയാക്കാമെന്നും പറഞ്ഞു. കാര്യങ്ങൾ ശരിയാക്കാത്തതിനെ തുടർന്ന് ഷറഫുദ്ദീൻ തൃശൂർ സിറ്റി പൊലീസ് കമീഷണർക്കും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇരു കൂട്ടരെയും വിളിച്ച് സംസാരിച്ചതിൽ പണം തിരികെ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല.

2023 ജൂൺ ഏഴിന് പണം തിരികെ നൽകാമെന്ന് കരാർ എഴുതി. പാലക്കാട്ടെ ബാങ്കിന്റെ 10 ലക്ഷം, 12 ലക്ഷം എന്നിങ്ങനെയുള്ള രണ്ടു ചെക്കുകൾ മുഹമ്മദ് ജാബിർ ഷറഫുദ്ദീന് നൽകി. എന്നാൽ, ബാങ്കിൽ ചെന്നപ്പോൾ അക്കൗണ്ടിൽ പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. ഫോണിൽ വിളിക്കുമ്പോൾ പണം നൽകാമെന്ന് പറയുന്നതല്ലാതെ മുഹമ്മദ് ജാബിറിൽനിന്ന് പണം ലഭിക്കാത്തതിനാലാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Tags:    
News Summary - Man arrested for duping Rs 22 lakhs by promising to make him a partner in a firm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.