എറണാകുളം രാജീവ്​ ഗാന്ധി ഇൻഡോർ സ്​റ്റേഡിയത്തിൽ പൊലീസിന്‍റെ സൈബർ സുരക്ഷ പദ്ധതി ‘ക്ലിക്ക്​’ ഉദ്​ഘാടനത്തിനെത്തിയ ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല, പദ്ധതിയുടെ ക്യാപ്​റ്റൻ നടൻ മമ്മൂട്ടിയുമായി സൗഹൃദ സംഭാഷണത്തിൽ -രതീഷ്​ ഭാസ്കർ

സൈബർ സുരക്ഷക്ക് വിദ്യാർഥികൾ ശബ്​ദമുയർത്തണം -മമ്മൂട്ടി

കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ തടയാനും ​സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാനും വിദ്യാർഥികൾ ശബ്​ദമുയർത്തണമെന്ന്​ നടൻ മമ്മൂട്ടി. വിദ്യാർഥികൾക്ക്​ മാത്രമേ എല്ലാറ്റിലും മാറ്റം വരുത്താൻ കഴിയൂ. അവരാണ്​ നാളത്തെ രാജ്യവും പൗരൻമാരും തലമുറയുമായി മാറേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം വളർത്താനും ആഭ്യന്ത വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് നടപ്പാക്കുന്ന ക്ലിക്ക്​ (കമ്യൂണിറ്റി ലെഡ്​ ഇനീഷ്യേറ്റിവ്​ ഫോർ സൈബർ റെസിലിയന്‍റ്​ കേരളം) പദ്ധതി ഉദ്​ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മമ്മൂട്ടിയെ പദ്ധതിയുടെ ക്യാപ്​റ്റനായി ആഭ്യന്തര മന്ത്രി രമേശ്​ ചെന്നിത്തല പ്രഖ്യാപിച്ചു.

ആറ്റം ബോംബ്​ ലോകത്തിന്‍റെ നന്മക്കും മനുഷ്യനെ നശിപ്പിക്കാനും കഴിയുന്ന കണ്ടുപിടിത്തമായിരുന്നു. അതുപോലെയാണ് ഇന്‍റർനെറ്റും. അത്​ ഉപയോഗിക്കുന്നവരുടെ മനസ്സ്​ പോലെ ഇരിക്കും. നമ്മൾ ദിവസവും രണ്ടര മണിക്കൂറെങ്കിലും ഇന്‍റർനെറ്റിലായിരിക്കും. വെറുതെ നടന്നാൽ പോലും ഇന്‍റർനെറ്റിലാണ്​. ശുചിമുറി സൗകര്യം ഒഴികെ ബാക്കിയെല്ലാം മൊബൈൽ ഫോണിൽ ലഭ്യമാകുന്ന കാലമാണിത്​. ഉപയോഗിച്ചുകൊണ്ടുതന്നെ ഇന്‍റർനെറ്റിന്‍റെ ദുരുപയോഗം തടയുത്‍യാണ്​ ‘ക്ലിക്ക്’​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​.

മൊബൈലിൽ ഒരുപാട്​ കാര്യങ്ങളു​ണ്ട്​. അതിന്‍റെ നൂറിലൊന്ന്​ പോലും നമ്മൾ ഉപയോഗിക്കുന്നില്ല. എന്നാൽ, പലതും നമ്മളെ ഉപയോഗിക്കുന്നുണ്ടെന്ന ഓർമ വേണം. കുട്ടികളുടെ കരച്ചിൽ മാറ്റാനും അവരെ ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കൾ മൊബൈൽ നൽകുന്നത്​ നല്ല ശീലമല്ല. സൈബർ ലോകത്ത്​ ഒളിഞ്ഞിരുന്ന്​ യുദ്ധം ചെയ്യുന്ന ഒരുപാട്​ ആളുകളുണ്ട്​. ഒളിയമ്പുകൾ എയ്യുന്നവരുണ്ട്​. മുഖമുള്ളവരും ഇല്ലാത്തവരുമുണ്ട്​. പുതുതലമുറയിലെ ഓരോരുത്തരും ‘ക്ലിക്ക്’​ പദ്ധതിയുടെ ക്യാപ്​റ്റൻമാരായി മാറണം-മമ്മൂട്ടി പറഞ്ഞു.



Tags:    
News Summary - Mammootty named CLICK captain: Students can bring change in cyber safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.