ശബരിമല നെയ്യ് മോഷണം: ദേവസ്വം ബോർഡ് ജീവനക്കാർക്കും പങ്ക് കൂടുതൽ അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: ശബരിമല നെയ്യ് മോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരിൽ ചിലരുടെ വ്യക്തമായ പങ്ക് കണ്ടെത്തി വിജിലൻസ്. ശബരിമല സ്വർണക്കൊള്ളക്ക് ശേഷം നടന്ന വലിയ തട്ടിപ്പുകളിലൊന്നായ നെയ്യ് കൊള്ളയിൽ, ഇതിലൂടെ നേടിയ തുകയുടെ നല്ലൊരു ഭാഗം ദേവസ്വം ജീവനക്കാർക്ക് ലഭിച്ചെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘം. ശബരിമലയിലേക്ക് കൊണ്ടുവന്ന 11,000 കിലോഗ്രാം മിൽമ നെയ്യ് തട്ടിയെടുത്ത് തമിഴ്നാട്ടിലെ രണ്ടു കമ്പനികൾക്ക് വിറ്റ വകയിൽ ലഭിച്ച 50 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപ ദേവസ്വം ജീവനക്കാർക്ക് വിഹിതമായി ലഭിച്ചെന്നാണ് വ്യക്തമായത്.
തട്ടിപ്പ് ആസൂത്രണം ചെയ്യുകയും നെയ്യ് മറിച്ചുവിൽക്കുകയും ചെയ്ത പ്രധാന പ്രതിയും ട്രാൻസ്പോർട്ട് കരാറുകാരനുമായ എസ്.എസ്. ബിനുവാണ് ഈ പണം ദേവസ്വം ജീവനക്കാർക്ക് പങ്കിട്ട് നൽകിയത്. ബിനുവിന്റെ മൊഴി രേഖപ്പെടുത്തി, ഏതൊക്കെ ദേവസ്വം ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന് കണ്ടെത്താൻ വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ പ്രതി എസ്.എസ്. ബിനുവിന് പുറമെ ശബരിമലയിലെ നെയ്യ് സ്റ്റോർ കീപ്പർ ജയലാലിനെയും വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സന്നിധാനത്തേക്ക് കൊണ്ടുവന്ന മിൽമ നെയ്യ് വഴിതിരിച്ചുവിട്ട ശേഷം, പകരം ഗുണനിലവാരമില്ലാത്ത മോശം നെയ്യ് എത്തിച്ചെന്നാണ് മുമ്പ് പ്രചരിച്ചതെങ്കിലും അങ്ങനെ പുതിയ നെയ്യ് സന്നിധാനത്തേക്ക് കൊണ്ടുപോയില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
11,000 കിലോ നെയ്യ് കടത്തിയ ശേഷം, ഇത് ശബരിമലയിൽ എത്തിയെന്ന് കാണിക്കാൻ ഔദ്യോഗിക രേഖകളിൽ ഇവർ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ രേഖകളിൽ കൃത്രിമം കാട്ടിയതിനാണ് ജയലാലിനെ വിജിലൻസ് പിടികൂടിയത്. ജയലാലിനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നും ഈ സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും വിജിലൻസ് സൂചന നൽകുന്നു. എഫ്.ഐആറിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരെ പ്രതികളാക്കിയിരുന്നെങ്കിലും തട്ടിപ്പിൽ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണറിയുന്നത്.
ഉദ്യോഗസ്ഥർ തട്ടിപ്പിൽ പങ്കാളികളായെങ്കിൽ ബോർഡ് ഭാരവാഹികൾക്കും പങ്കുണ്ടാകുമെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് വിജിലൻസ് ഉദ്ദേശിക്കുന്നത്. മോഷ്ടിച്ച നെയ്യ് വാങ്ങിയ തമിഴ്നാട് സ്വദേശിയായ കമ്പനി ഉടമയെ പ്രതിയാക്കുന്നത് വിജിലൻസിന്റെ പരിഗണനയിലുണ്ട്. ശബരിമലയിലേക്ക് കൊണ്ടുപോയ മിൽമ നെയ്യാണെന്ന് അറിഞ്ഞാണോ ഇയാൾ വാങ്ങിയതെന്ന് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർനടപടി. അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും മതിയായ തെളിവുകൾ ലഭിച്ചെന്നുമാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.