ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പരീക്ഷ ക്രമക്കേട്; പി.എസ്.സി ചെയർമാൻ പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പ്രമുഖർക്കെതിരെ കുരുക്കുമുറുക്കി ക്രൈംബ്രാഞ്ച് എസ്.ഐ.ടി. ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ ക്രമക്കേട് പരാതിയിൽ പി.എസ്‌.സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനും അംഗങ്ങള്‍ക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.

ഇതിന് പിന്നാലെ മോട്ടോർ വാഹനവകുപ്പിലെ എ.എം.വി.ഐ നിയമനക്കേസിലും ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ നിയമനക്കേസിലും പി.എസ്.സിയിലെ ഉന്നതരും കോച്ചിങ് സെന്‍റർ അധികൃതരും പ്രതിയാകുമെന്നാണ് സൂചന. ഈ കേസുകളിലും ചെയർമാനെയും അംഗങ്ങളിൽ ചിലരെയും ഉദ്യോഗസ്ഥരെയും പ്രതിചേർക്കാവുന്ന മൊഴികളുണ്ടെന്നാണ് എസ്.ഐ.ടി വൃത്തങ്ങൾ നൽകുന്ന വിവരം. ആസൂത്രണ ബോർഡ് പരീക്ഷാതട്ടിപ്പിൽ പി.എസ്.സിയിലെ രണ്ടു ഉദ്യോഗസ്ഥരെ മാത്രമാണ് നിലവിൽ പ്രതിചേർത്തത്.

ചെയർമാൻ, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ ചിലരെകൂടി പ്രതിചേർക്കുന്നത് എസ്.ഐ.ടി പരിശോധിക്കുകയാണ്. നിലവിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിലും ഇവർ പ്രതിയാകുന്ന നിലക്കാണ് കാര്യങ്ങൾ. അതിന്‍റെ ആദ്യപടിയായയാണ് ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പരീക്ഷ ക്രമക്കേടിൽ പി.എസ്.സി ചെയർമാനെ പ്രതിപ്പട്ടികയിൽപ്പെടുത്തിയത്. ആസൂത്രണ ബോർഡ് കേസിൽ പി.എസ്‌.സി ഉദ്യോഗസ്ഥരെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതെങ്കിൽ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ക്രമക്കേടിൽ പി.എസ്‌.സി ചെയര്‍മാന്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്ന് രേഖപ്പെടുത്തിയാണ് എഫ്.ഐ.ആർ. നേമം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമം 7, 13(1)(എ), ഐ.പി.സി 409 വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ കൃത്രിമം കാട്ടി പി.എസ്‌.സി ചെയര്‍മാനും അംഗങ്ങളും സി.പി.എം അനുഭാവികൾക്കും ഇഷ്ടക്കാർക്കും അനര്‍ഹമായ റാങ്ക് നല്‍കിയെന്നാണ് എഫ്‌.ഐ.ആറിലുള്ളത്.

ഇതിനു പുറമെ പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷാ ക്രമക്കേടിലും പി.എസ്‌.സി അംഗങ്ങള്‍ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്. നിലവിൽ 180ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.

സെക്രട്ടറിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ച രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആരംഭിച്ച ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടു.

പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനുള്ള ഉത്തരവാദിത്തം സെക്രട്ടറിക്കാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണ് വിവാദങ്ങൾക്ക് കാരണമെന്നുമാണ് കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ചെയർമാൻ എം.ആർ. ബൈജു എസ്.ഐ.ടിക്ക് മൊഴി നൽകിയത്. പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് തിരുത്തി. വിഷയം കോടതിയിലെത്തിയതിനാലാണ് താന്‍ നടപടി സ്വീകരിക്കാതിരുന്നത്. വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെന്ന മൊഴിയും ചെയര്‍മാന്‍ നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സെക്രട്ടറിയെ ചോദ്യം ചെയ്തത്.

പരീക്ഷാ നടത്തിപ്പിലെ നടപടിക്രമങ്ങളും രീതികളും ഇടപെടലും ഉൾപ്പെടെ സെക്രട്ടറിയിൽനിന്ന് എസ്.ഐ.ടി ചോദിച്ചറിഞ്ഞതായാണ് വിവരം. രാഷ്ട്രീയ ഇടപെടൽ ഉൾപ്പെടെ കാര്യങ്ങളിലും വ്യക്തത തേടി. എന്നാൽ, ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലില്‍ പരസ്പരം പഴിചാരിയുള്ള മൊഴികൾ ചെയര്‍മാനും അംഗങ്ങളും നല്‍കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ചെയർമാനും അറസ്റ്റിലായ ഉദ്യോഗസ്ഥരും ബോധപൂർവം കള്ളമൊഴികൾ നൽകുന്നെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. അതേസമയം, ചെയർമാനെതിരായ മൊഴികളാണ് അംഗങ്ങളിൽ ചിലർ നൽകിയത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താൻ പി.എസ്.സിയുടെ മറ്റ് അംഗങ്ങളെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാൻ എസ്.ഐ.ടി നോട്ടീസ് നൽകി.

സെക്രട്ടറിക്ക് പിന്നാലെ പരീക്ഷ കണ്‍ട്രോളർ ബിനി കെ. എബ്രഹാമിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. 10 പി.എസ്‌.സി അംഗങ്ങൾക്കും തിങ്കളാഴ്ച മുതൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അതിനുശേഷം ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച കാര്യങ്ങളും എസ്.ഐ.ടി പരിശോധിച്ചുവരികയാണ്.

Tags:    
News Summary - Fisheries exam fraud: PSC Chairman M.R. Baiju booked, SIT probe widens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.