‘സൂപ്പർ ബസ്, പക്ഷേ വേഗതയില്ല, യാത്രക്കാരുമില്ല; ഒരിക്കൽ കയറിയവർ പിന്നീട് കയറില്ല’ -കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ തിരുത്തൽ വേണമെന്ന് അനിൽ അക്കര

തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ അത്യാധുനിക സൂപ്പർ ക്ലാസ് വോൾവോ ബസുകളിൽ യാത്രക്കാരില്ലാത്ത അവസ്ഥ വൻ വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന് കെ.പി.സി.സി ജന. സെക്രട്ടറി അനിൽ അക്കര. കഴിഞ്ഞ ആറാം തീയതി തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തിയ വോൾവോ ബസിലെ യാത്രാനുഭവം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

മികച്ച സൗകര്യങ്ങളുള്ള സൂപ്പർ ബസ് ആണെങ്കിലും വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 12 മണിക്കാണ് തൃശ്ശൂരിൽ എത്തിയത്. ഏകദേശം ഒമ്പത് മണിക്കൂറാണ് ഈ ദൂരം സഞ്ചരിക്കാൻ എടുത്തത്. ബംഗളൂരുവിലേക്ക് പോകുന്ന ദീർഘദൂര സർവിസായിരുന്നു ഇത്. ഈ വേഗതയിലാണ് യാത്രയെങ്കിൽ അവിടെ എത്തുമ്പോൾ പിറ്റേന്ന് ഉച്ചയാകും. ഇത്രയും മികച്ച ഈ വണ്ടിയിൽ പത്തിൽ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മികച്ച യാത്രാസൗകര്യങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആളുകൾ ഇതിൽ കയറാത്തത് എന്ന് അന്വേഷിച്ചപ്പോൾ “ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല. മറ്റ് ബസ്സുകൾ നാലുവരി പാതകളിൽ മികച്ച വേഗത്തിൽ പോകുമ്പോൾ, ഈ ബസ്സിന്റെ സ്പീഡ് ഗവേണർ ആവശ്യത്തിന് ക്രമീകരിക്കാത്തതിനാൽ വേഗത്തിൽ പോകാൻ കഴിയുന്നില്ല” എന്നായിരുന്നു മറുപടി.

ഇവിടെ പ്രശ്നം യാത്രക്കാരുടേതല്ല, മറിച്ച് സർവീസ് മാനേജ്‌മെന്റിന്റെ വീഴ്ചയാണ്. കെ.എസ്.ആർ.ടി.സിക്ക് വലിയ വരുമാന നഷ്ടമാണുണ്ടാകുന്നത്. ഈ രീതിയിൽ സർവിസ് നടത്തുന്നതിലൂടെ ഒരു ബസ്സിൽ നിന്ന് മാത്രം പ്രതിദിനം അരലക്ഷം രൂപയോളം വരുമാന നഷ്ടം ഉണ്ടാകുമെന്ന് അനിൽ അക്കര പറയുന്നു.

‘നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് സമയബന്ധിതവും വേഗതയേറിയതുമായ സർവിസ് നൽകണം. കെ.എസ്.ആർ.ടി.സിയിൽ ഇത്തരത്തിലുള്ള വോൾവോ ഉൾപ്പെടെയുള്ള ദീർഘദൂര സർവിസുകളുടെ യാത്രാസമയം, സ്പീഡ് നിയന്ത്രണം, യാത്രക്കാരുടെ എണ്ണം, വരുമാനം, ചെലവ് എന്നിവയെല്ലാം വിശദമായി പഠിക്കണം. നഷ്ടത്തിലോടുന്ന സർവിസുകളെ കുറ്റപ്പെടുത്തുന്നതിന് പകരം, എന്തുകൊണ്ടാണ് നഷ്ടം ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ലാഭകരമാക്കാനുള്ള നടപടികളാണ് വേണ്ടത്. നല്ല വണ്ടി,നല്ല സർവിസ്, കൃത്യമായ സമയക്രമം, കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കണമെങ്കിൽ ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയമായ പഠനവും ഇടപെടലും അടിയന്തരമായി വേണം’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Anil Akkara slams KSRTC Super Bus: No speed, no passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.