എ.പി അബൂബക്കർ മുസ്ലിയാർ, അൻവർ ഇബ്രാഹിം

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കേരളത്തിൽ; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച കേരളത്തിലെത്തുന്നു. മർക്കസ് സ്ഥാപകനും പ്രമുഖ സുന്നി പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സുന്നി സാംസ്കാരിക കേന്ദ്രമായ മർക്കസിന്റെയും കാരന്തൂർ മർക്കസ് നോളജ് സിറ്റിയുടെയും ക്ഷണപ്രകാരമാണ് ഈ സന്ദർശനം.

കേരള സന്ദർശന വേളയിൽ മർക്കസ് കോംപ്ലക്സും കൈതപ്പൊയിലിലുള്ള നോളജ് സിറ്റിയും മലേഷ്യൻ പ്രധാനമന്ത്രി സന്ദർശിക്കും. വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക സഹകരണം മെച്ചപ്പെടുത്തൽ, ആധുനിക ഇസ്‌ലാമിക വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കൽ, മതസൗഹാർദ്ദം, സംവാദം, മിതവാദം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകൾ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് കാന്തപുരം മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്.

മലേഷ്യൻ പ്രധാനമന്ത്രിയായ ശേഷം അൻവർ ഇബ്രാഹിം നടത്തുന്ന രണ്ടാമത്തെ കേരള സന്ദർശനമാണിത്. മുൻപ് കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും സൗഹൃദത്തിന്റെയും തുടർച്ചയായാണ് ഇപ്പോഴത്തെ സന്ദർശനം. തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രീയ-അക്കാദമിക് മേഖലകളിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്കുള്ള സ്വാധീനത്തിന്റെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിന്റെയും പ്രതിഫലനമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അൻവർ ഇബ്രാഹിം ഇന്ത്യയിലേക്ക് വരുന്നത്. ആഗോള ദക്ഷിണ രാജ്യങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും മലേഷ്യക്ക് ഈ ഉച്ചകോടി നിർണായകമാണ്. സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നിവരുമായി അദ്ദേഹം പ്രത്യേക ഉഭയകക്ഷി ചർച്ചകൾ നടത്തും.

Tags:    
News Summary - Malaysian PM Anwar Ibrahim to Visit Kerala on Sunday to Meet Mufti Sheikh Abubakr Ahmad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.