യുദ്ധ കലുഷിതമായ യുക്രെയ്നിൽനിന്നും നാട്ടിലെത്താൻ എംബസി അധികൃതരുടെ നിർദേശപ്രകാരം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ പെരുവഴിയിൽ. ചൊക്ലോവ്സ്കി ബുലിവാർഡിലെ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർഥികളാണ് മണിക്കൂറുകളായി റെയിൽവേ സ്റ്റേഷനിൽ കഴിയുന്നത്.
രാവിലെ എട്ടോടെ കർഫ്യൂവിന് അയവ് വന്നതോടെയാണ് എംബസി അധികൃതരുടെ നിർദേശപ്രകാരം തങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് കർണാടക സ്വദേശിയും മലയാളിയുമായ റുമാന മാധ്യമം ഓൺലൈനിനോട് പറഞ്ഞു. ലിവിവ് എന്ന് സ്ഥലമായിരുന്നു ലക്ഷ്യം. അവിടെ നിന്നും ഹംഗറി, പോളണ്ട് അതിർത്തികളിലെത്താനായിരുന്നു നിർദേശം. നാലു കിലോമീറ്റർ ലഗേജുമായി നടന്ന് സ്റ്റേഷനിലെത്തിയെങ്കിലും ട്രെയിനുകളിലൊന്നും തങ്ങളെ കയറ്റിയില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ട്രെയിനുകളിലെല്ലാം യുക്രെയ്ൻ പൗരന്മാരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇതോടെ, വിദ്യാർഥികളുടെ സംഘം സമീപത്തെ മറ്റൊരു റെയിൽവേ സ്റ്റേഷനിലും നടന്ന് എത്തിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. യാത്രയെല്ലാം സൗജന്യമാണെന്ന് അടക്കം എംബസി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെന്ന് റുമാന പറയുന്നു.
ആറ് മണിക്കൂറോളമായി വിദ്യാർഥികളുടെ സംഘം റെയിൽവേ സ്റ്റേഷനിലെത്തിയിട്ട്. ആറു മണിക്കൂർ യാത്രയാണ് ലിവിവിലേക്ക്. അവിടുന്ന് നാലു മണിക്കൂർ യാത്രയുണ്ട് അതിർത്തിയിലേക്ക്. തങ്ങൾ ഇപ്പോൾ തന്നെ തളർന്നെന്നും ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.