മലപ്പുറം: എടവണ്ണപ്പാറയിൽ ക്വാറൻറീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധിപേർ സമ്പർക്കപട്ടികയിൽ. ഇവരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. ചീക്കോട് സ്വദേശിയായ യുവാവിനാണ് ജൂലൈ ഒന്നിന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ എത്തിയ എടവണ്ണപ്പാറയിലെ കടകൾ അണുവിമുക്തമാക്കുകയും കടകളിലുണ്ടായിരുന്നവരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകുകയും ചെയ്തു.
ജൂൺ19ന് ജമ്മുവിൽനിന്ന് നാട്ടിലെത്തിയ ഇയാൾ ജൂൺ 23ന് ക്വാറൻറീൻ ലംഘിച്ച് അരീക്കോട് ഭാഗത്തെ കടകൾ സന്ദർശിച്ചിരുന്നു. വാഴക്കാട് റോഡിലും അരീക്കോട് റോഡിലുമുള്ള മൊബൈൽ ഷോപ്പിലും കയറിയതായാണ് വിവരം. നിരവധി പേരുമായി സമ്പർക്കം പുലർത്തിയ യുവാവ് വിവിധ കടകളിൽ കയറിയതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
മലപ്പുറം ഉൗർനാശേരിയിലും ക്വാറൻറീൻ ലംഘിച്ച് ഒരു യുവാവ് കറങ്ങി നടന്നതായി പരാതിയുണ്ട്. ജൂൺ16ന് ബംഗളൂരുവിൽനിന്ന് നാട്ടിലെത്തിയ യുവാവിനെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. ക്വാറൻറീൻ പൂർത്തിയാക്കി പരിശോധന ഫലം വരുന്നതിന് മുന്നേ യുവാവ് കറങ്ങിനടക്കുകയായിരുന്നു. ഇയാൾ ബന്ധുവീടുകൾ സന്ദർശിച്ചതായും ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിലെത്തിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.