മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാന്‍ സാങ്കേതിക തടസ്സം –മന്ത്രി രവീന്ദ്രനാഥ്

കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്കൂളില്‍ യുവജന സംഘടനയായ ദിശയും സൊലസും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഒരു ദിനം ഒരു രൂപ; കൂടപ്പിറപ്പിനായി കൂട്ട്’ എന്ന പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കേസ് നിലവിലുള്ളതിനാല്‍ തല്‍ക്കാലം ഏറ്റെടുക്കാന്‍ കഴിയില്ല. കേസ് കഴിഞ്ഞാല്‍ ഉടന്‍ സ്കൂള്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് മൂന്നു സ്കൂളുകള്‍ ഏറ്റെടുക്കുന്നതില്‍ തടസ്സമില്ല.

പുതുതായി ഒരു സ്കൂളും പൂട്ടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയം. അതിനാല്‍ സ്വാശ്രയ കോളജുകളോ സ്വയംഭരണ കോളജുകളോ ഇനി അനുവദിക്കില്ല. സര്‍ക്കാറിന്‍െറ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നവംബറില്‍ തുടങ്ങും. ഇതിനായി സ്കൂളുകളില്‍ പി.ടി.എ, ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, സംരക്ഷണസമിതി എന്നീ കമ്മിറ്റികള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ സ്കൂളുകളും ഹൈടെക് ആക്കും. കോഴിക്കോട് നോര്‍ത് ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ സ്കൂളുകളാണ് ആദ്യം ഹൈടെക് ആക്കുക. എട്ട്, ഒമ്പത്, 10 ക്ളാസുകളാണ് ഈ രീതിയില്‍ മാറ്റുക. ഇന്ത്യയിലെതന്നെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൊലാസ് സെക്രട്ടറി ഷീബ അമീര്‍ അധ്യക്ഷതവഹിച്ചു. കൂട്ടുകാരന്‍െറ വേദനയെ സ്വന്തം വേദനയായി കാണാനും തന്നാലാവും വിധം അവനെ സഹായിക്കുന്നതിനുമായി വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ പദ്ധതിയാണ് കൂടപ്പിറപ്പിനായ് ഒരു കൂട്ട്. അസുഖങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന തന്‍െറ സുഹൃത്തുക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പരിശ്രമിക്കുകയും അവനുവേണ്ടി ദിവസവും ഒരു രൂപയെങ്കിലും മാറ്റിവെക്കുകയുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

Tags:    
News Summary - malaparambu school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.