നിർമാണം പുരോഗമിക്കുന്ന മലമ്പുഴ റിങ് റോഡിലെ ഉരുക്ക് പാലം
മലമ്പുഴ: ഒരുനാടിന്റെ നാലുപതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലമ്പുഴ റിങ് റോഡ് പദ്ധതി യാഥാർഥ്യത്തിലേക്ക്. മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴ വരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന ഉരുക്ക് പാലം നിർമാണം അന്തിമഘട്ടത്തിലാണ്. പാലം നിർമാണം പൂര്‍ത്തിയായാല്‍ തന്നെ നാടിന്റെ ഗതാഗതപ്രശ്നം വലിയൊരുപങ്ക് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ആവശ്യമായ ഗതാഗതസംവിധാനം ഇല്ലാത്തതിനാല്‍ സ്വന്തം നാട്ടില്‍നിന്ന് ടൗണിലേക്കോ ആശുപത്രികളിലേക്കോ എത്താന്‍ 33 കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരുന്നവരാണ് ഇവിടെയുള്ളവര്‍. മഴക്കാലത്തും മറ്റും യാത്രാദുരിതം പറഞ്ഞറിയിക്കാനാവില്ലെന്ന് വലിയകാട് സ്വദേശി രവി ‘മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രിയിലേക്ക് പ്രിയപ്പെട്ടവരേയും കൊണ്ടുള്ള മരണപ്പാച്ചിൽ ഓർത്തെടുത്തപ്പോൾ രവിയുടെ തൊണ്ടയിടറി.
പാലം പൂർത്തിയാവുന്നതോടെ എലിവാൽ, കിളിയകാട്, വെള്ളെഴുത്താൻപൊറ്റ, കൊല്ലംകുന്ന്, പൂക്കുണ്ട്, വലിയകാട് വരെയുള്ളവർക്ക് ഡാം ചുറ്റാതെ വേഗത്തിൽ മലമ്പുഴയെത്താം. നിലവിൽ 25 കിലോമീറ്റർ കറങ്ങിയാണ് ഇവർ മലമ്പുഴയിലെത്തുന്നത്. ഏഴു ഊരുകളിലായുള്ള ആദിവാസി കുടുംബങ്ങള്‍ക്കാകട്ടെ നഗരത്തിലേക്ക് സഞ്ചരിക്കാന്‍ ഏഴ് കിലോമീറ്റര്‍ ദൂരംമതിയാകും.
മുമ്പ് അകമലവാരത്തുള്ളവർക്ക് പുറംലോകത്തെത്താൻ ഏകവഴി മലമ്പുഴ അണക്കെട്ടിലൂടെയുള്ള തോണിയാത്ര ആയിരുന്നു. 1958 ജൂലൈ 21ന് അപകടം നിറഞ്ഞ ഈ യാത്രക്കിടെ തോണി മറിഞ്ഞ് 35 പേരാണ് മരിച്ചത്. 1980കളിലാണ് റോഡ് എന്ന ആവശ്യം ശക്തമാകുന്നത്. 1990കളില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 1996ല്‍ നിർമാണം തുടങ്ങി. എങ്കിലും ആനക്കല്ല് ചുറ്റിയുള്ള റോഡ് വെള്ളെഴുത്താൻപൊറ്റയിലും തോണിക്കടവ് മുതലുള്ള റോഡ് തെക്കെ മലമ്പുഴ വരെയും 28 കിലോമീറ്റര്‍ പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിക്കാനായത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ഇടപെടലിനെ തുടർന്ന് വെള്ളെഴുത്താൻപൊറ്റ മുതൽ പാലം വരെയുള്ള റോഡ് പൂർത്തിയായി. എങ്കിലും കൊല്ലന്‍കുന്ന് പാലം നിർമാണവും റോഡിന്റെ ബാക്കി പ്രവൃത്തിയും അനിശ്ചിതത്വത്തിൽ തുടരുകയായിരുന്നു. 2021ൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം നിർമാണം ഉദ്ഘാടനം ചെയ്തത്. കിഫ്ബി ഫണ്ടിൽ 37. 76 കോടി രൂപ മുടക്കിയാണ് നിലവിൽ പാലം നിർമാണം. 10 മീറ്റർ വീതിയും 34.7 മീറ്റർ നീളവുമുണ്ടാകും. എലിവാൽ മുതൽ 555 മീറ്ററും തെക്കെ മലമ്പുഴ മുതൽ 327 മീറ്ററും അനുബന്ധപാതയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണ ചുമതല. ചെന്നൈയിലെ ജാസ്മിൻ കമ്പനിയാണ് ഉപകരാറെടുത്തിരിക്കുന്നത്. ചെറുപുഴക്ക് കുറുകെ എട്ട് തൂൺ നിർമിച്ച് മുകളിൽ സ്പാനുകൾ സ്ഥാപിച്ചുവരികയാണ്. കാലാവസ്ഥ അനുകൂലമായാൽ 10 മാസത്തിനകം മുഴുവൻ പണിയും പൂർത്തിയാക്കി തുറന്ന് കൊടുക്കാനാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
15 കിലോമീറ്ററോളം ദൂരം വനമേഖലയിലൂടെയും മലമ്പുഴ ഡാമിന്റെ മഴ മേഖലയിലൂടെയുമാണ് റിങ് റോഡ് കടന്നുപോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡാം കാണാന്‍ വരുന്നവര്‍ക്ക് റിസർവോയര്‍ ചുറ്റി സഞ്ചരിക്കാന്‍ സാധിക്കും. കാടും മലയും വേനലിലും സജീവമായ അരുവികളുമുള്ള റോഡിലെ യാത്ര സഞ്ചാരികൾക്ക് പുതിയ അനുഭവമാകും. ഇതോടെ വിനോദസഞ്ചാരഭൂപടത്തിൽ മലമ്പുഴക്ക് തനതായ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.