മലബാറിന് ഇരട്ടപ്രഹരം: ശമ്പളവും പെന്‍ഷനും ഭാഗികം; ചിലയിടത്ത് മുടങ്ങി

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി അക്കൗണ്ടില്‍ കയറിയെങ്കിലും പലര്‍ക്കും പരിധി നിശ്ചയിച്ച പണം പോലും പിന്‍വലിക്കാനായില്ല. ഇതര ജില്ലളെ അപേക്ഷിച്ച് ബാങ്കുകളില്‍ രൂക്ഷമായ പണച്ചുരുക്കം നേരിടുന്ന മലബാര്‍ മേഖലയില്‍ പ്രശ്നം ഇതോടെ ഇരട്ടിയായി. തൃശൂര്‍ മുതലുള്ള വടക്കന്‍ ജില്ലകളില്‍ പലയിടത്തും ഇന്നലെ ശമ്പള വിതരണം ഭാഗികമായിരുന്നു.  ചിലയിടങ്ങളില്‍ മുടങ്ങി. പകല്‍ മുഴുവന്‍ ട്രഷറിയിലും ബാങ്കിലും കാത്തുനിന്ന്  ടോക്കണ്‍ മാത്രം ‘സമ്പാദിച്ച്’ പോകേണ്ടി വന്നവര്‍ ഏറെ. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ട്രഷറിയിലേക്ക് ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് പൂര്‍ണമായും  നല്‍കാത്തതിന്‍െറ ദുരിതം അനുഭവിച്ചത് മലബാറാണ്.

ശമ്പള വിതരണത്തിന്‍െറ ആദ്യ ദിവസം രണ്ടുകോടി ആവശ്യമുള്ള തൃശൂര്‍ ജില്ല ട്രഷറിക്ക് 70 ലക്ഷം രൂപയാണ് കിട്ടിയത്. കോഴിക്കോട്ട് ആയിരത്തിലധികം ടോക്കണ്‍ വിതരണം ചെയ്ത ശേഷം പണം തികയാത്തതിനാല്‍ 150 വരെ നമ്പറുകാര്‍ക്ക് മാത്രം പണം കൊടുത്ത് ബാക്കിയുള്ളവര്‍ക്ക് വെള്ളിയാഴ്ചത്തേക്ക് ടോക്കണ്‍ കൊടുത്തു വിട്ടു. ജില്ലയില്‍ 2.20 കോടി ആവശ്യപ്പെട്ടിട്ട് 85 ലക്ഷം മാത്രം ലഭിച്ചത്. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പെന്‍ഷന്‍ പേമെന്‍റ് ട്രഷറിയില്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പൊലീസാണ് രംഗം ശാന്തമാക്കിയത്. ബുധനാഴ്ച വൈകീട്ട് 3.30ന് പണം നീക്കിയിരിപ്പ് തീര്‍ന്ന കണ്ണൂരിലെ പാനൂര്‍ എസ്.ബി.ഐ ശാഖയില്‍ ഇന്നലെയും പണം എത്തിയില്ല. ഒന്നരക്കോടി ആവശ്യമുള്ള കണ്ണൂര്‍ ജില്ലാ ട്രഷറിക്ക് കിട്ടിയത് പകുതി മാത്രം.

കണ്ണൂരിലെ ഗ്രാമപ്രദേശമായ കതിരൂരിലെ ഇന്ത്യന്‍ ഓവര്‍സീസ്, കനറ ബാങ്കുകളില്‍ ഇന്നലെ പണമുണ്ടായില്ല. മലപ്പുറം ജില്ല ട്രഷറി ഓഫിസ് ഒരു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 40 ലക്ഷം മാത്രമാണ് എസ്.ബി.ടിയില്‍നിന്ന് ലഭിച്ചത്. 4,000 മുതല്‍ 10,000 വരെ രൂപ മാത്രമാണ് ട്രഷറികളില്‍നിന്ന് പിന്‍വലിക്കാനായത്. വേങ്ങര സബ്ട്രഷറിയില്‍ പണം എത്തിയില്ല. ജില്ലയിലെ മിക്ക ട്രഷറികളിലും ഉച്ചയോടെ പണം തീര്‍ന്നു. പാലക്കാടും സമാനമായ അവസ്ഥയാണ് അനുഭവപ്പെട്ടത്. ജില്ല ട്രഷറി 70 ലക്ഷത്തിന്‍െറ പേയ്മെന്‍റ് ഓഫ് ചെക്ക് നല്‍കിയെങ്കിലും 40 ലക്ഷം മാത്രമാണ് എസ്.ബി.ഐയില്‍നിന്ന് കിട്ടിയത്. വടക്കഞ്ചേരി സബ്ട്രഷറിയിലേക്ക് മാസത്തിന്‍െറ ഒന്നാംദിവസം ഒന്നും കിട്ടിയില്ല. വയനാട് ജില്ലാ ട്രഷറി 5.7 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 3.7 കോടി രൂപ മാത്രം.

 വ്യാഴാഴ്ച നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ ഒരുവിധം പിടിച്ചു നിന്നെങ്കിലും ഗ്രാമീണ മേഖലയില്‍ പലയിടത്തും പണം കൊടുക്കാനില്ലാത്ത അവസ്ഥയിലായിരുന്നു. കറന്‍സി ചെസ്റ്റ് കുറഞ്ഞ കനറ ബാങ്ക് ഇന്നലെയും മലബാര്‍ മേഖലയില്‍ രൂക്ഷമായ സാഹചര്യം അഭിമുഖീകരിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ വേരോട്ടമുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ  കറന്‍സി ചെസ്റ്റ് സ്പോണ്‍സര്‍ ബാങ്ക് ആയ കനറ ബാങ്കിന്‍േറത് തന്നെയാണ്. കനറ ബാങ്കിനുതന്നെ ആവശ്യത്തിന് പണമില്ലാതായത്  ഗ്രാമീണ്‍ ബാങ്കുകളെ വല്ലാതെ ബാധിച്ചു.

തൃശൂരില്‍ എസ്.ബി.ഐ മെയിന്‍ ശാഖയില്‍ ഇന്നലെ 14 കോടിയോളം രൂപയത്തെി. ആദ്യമായി 500ന്‍െറ നോട്ടുകളും വന്നു. എ.ടി.എമ്മില്‍ ഉള്‍പ്പെടെ 500ന്‍െറ നോട്ട് വെക്കാന്‍ കഴിഞ്ഞു. എന്നാല്‍,  ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് ശാഖകളില്‍ പണ ദൗര്‍ലഭ്യം നേരിട്ടു. ഭൂരിഭാഗം പെന്‍ഷന്‍കാരും 24,000ല്‍ താഴെ പെന്‍ഷനുള്ളവരാണ്. അവരില്‍ പലര്‍ക്കും മുഴുവന്‍ തുക എടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.

പല ട്രഷറികളിലും പണം കുറവായതിനാല്‍ വിതരണത്തിന് നിയന്ത്രണം വെച്ചു. ബാങ്കുകള്‍ സ്വന്തം നിലക്ക് തുക നിയന്ത്രിക്കുന്നതില്‍ ചിലയിടങ്ങളില്‍ പ്രതിഷേധവും ഉണ്ടായി. അര്‍ഹമായ 24,000 രൂപ പൂര്‍ണമായും നല്‍കുകയും പണം കഴിയുന്ന മുറക്ക് വിതരണം നിര്‍ത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇടപാടുകാരും ഉണ്ടായിരുന്നു. ശമ്പള, പെന്‍ഷന്‍ വിതരണത്തിന്‍െറ ആദ്യ ദിവസം തിരക്ക് പ്രതീക്ഷിച്ച് ട്രഷറിയിലേക്കും ബാങ്കിലേക്കും ഇറങ്ങാതിരുന്നു വലിയൊരവ് ആളുകള്‍ ഇന്നും നാളെയുമായിരിക്കും പണത്തിനായി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ രണ്ടു ദിവസങ്ങളില്‍ വിതരണത്തിനു വേണ്ട പണം പല ബാങ്കുകളിലുമില്ല, ട്രഷറികളില്‍ പ്രത്യേകിച്ചും.

Tags:    
News Summary - malabar money issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.