പാലക്കാട്: അട്ടപ്പാടിയിൽ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് പ്രതികളുടെ സുഹൃത്തായ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പൊലീസ് കേസെടുത്തത്. മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് പറഞ്ഞു.
മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവുണ്ടായിരുന്നു. മണ്ണാർക്കാട് മുൻസിഫ് കോടതിയായിരുന്നു ഉത്തരവിട്ടത്. കേസിൽ നിന്നും പിന്മാറാൻ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം, മധുവധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 19ാം സാക്ഷി കൂടി കൂറുമാറിയതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി.
പ്രോസിക്യൂഷന്റെ വീഴ്ചയാണ് കേസിൽ കൂറുമാറ്റങ്ങൾക്ക് ഇടയാക്കുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിക്കുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.