മണ്ണാർക്കാട്: മധു വധക്കേസിലെ പ്രഥമ വിവര മൊഴിയിൽ (എഫ്.ഐ.എസ്) പൊലീസ് ചേർത്ത പേരുകൾ ശരിയല്ലെന്ന് മനസ്സിലായതായി അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിഭാഗം അഭിഭാഷകരുടെ വിചാരണയിൽ പറഞ്ഞു.
എഫ്.ഐ.എസിൽ പറയുന്ന ഏഴുപേർ ചേർന്ന് കാട്ടിൽപോയി മധുവിനെ പിടിച്ചുകൊണ്ടുവന്നുവെന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ. സുബ്രഹ്മണ്യനാണ് പറഞ്ഞത്. എഴുപേരുടെയും പേരും വിലാസവും ഫോൺ നമ്പറും എഫ്.ഐ.എസിൽ എഴുതിയത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അവിടെ ഇല്ലാത്ത ആളുകളുടെ പേരുവിവരങ്ങൾ ഉൾപ്പെട്ടതായും എന്നാലിത് പൊലീസിന്റെ ഗുരുതര വീഴ്ചയായി കാണാനാവില്ലെന്നും ടി.കെ. സുബ്രഹ്മണ്യൻ പറഞ്ഞു.
മധുവിന്റേത് കസ്റ്റഡി മരണമല്ല എന്ന് വരുത്താനല്ലേ നിങ്ങൾ കളവായി ഉത്തരം പറയുന്നത് എന്ന ചോദ്യത്തിന് അല്ലെന്നും ഇൻക്വസ്റ്റ് സമയത്ത് മധുവിന്റെ ശരീരത്തിലെ പരിക്കുകൾ പരിശോധിക്കാൻ വേറെ ഡോക്ടർമാർ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മധുവിനെ സ്റ്റേഷനിലേക്കുള്ള വഴിമധ്യേ ആശുപത്രിയിൽ കൊണ്ടുപോയെന്നത് ശരിയല്ല എന്ന് അന്വേഷണത്തിൽ മനസ്സിലായതായും സുബ്രഹ്മണ്യൻ പറഞ്ഞു. പ്രതിഭാഗം വിചാരണ വെള്ളിയാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.