മഅ്ദനിയുടെ കേരള സന്ദർശനം: കര്‍ണാടക അനുമതി നല്‍കണം, കെ.സി. വേണുഗോപാലിന് കെ.ബി. ഗണേഷ് കുമാര്‍ കത്തയച്ചു

പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയ്ക്ക് കേരളത്തിലേക്ക്‌ വരാനുള്ള അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എ കത്തയച്ചു.

കർണാടകയിലെ ജയിലിൽ കഴിയുന്ന മഅ്ദനിക്ക് കേരളത്തിൽ വന്നു ബന്ധുമിത്രാദികളെ കണ്ടു മടങ്ങുന്നതിന് അനുമതി ലഭ്യമാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഗണേഷിന്‍റെ കത്ത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കര്‍ണാടകയില്‍ നിലവിൽ വന്ന സാഹചര്യത്തില്‍ ഏറ്റവും അടിയന്തിര പരിഗണനയോടെ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുന്നതിനായി ഇടപെടണമെന്നും ഗണേഷ് കുമാര്‍ വേണുഗോപാലിനോട് ആവശ്യപ്പെട്ടു. മഅ്ദിനിയുടെ സുരക്ഷാ ചെലവിലേക്കായി 60 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടതോടെ കേരളത്തിലേക്കുള്ള യാത്ര തടസപ്പെട്ടിരുന്നു.

 കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട കെസി,

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയ്ക്കും ഫാസിസത്തിനും എതിരെ മതേതര-ജനാധിപത്യ ശക്തി നേടിയ കരുത്തുറ്റ വിജയം തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗത്ത് അഭിമാനകരമായ ഒരു നവപാഠമാണ്. താങ്കളുടെ നേതൃത്വത്തിൽ നടന്ന കർമ്മനിരതമായ പ്രയത്നങ്ങളുടെയും ചിട്ടയായ പ്രവർത്തനങ്ങളുടെയും ഫലമായി കൈവരിക്കുവാൻ കഴിഞ്ഞ ഈ തിളക്കമാർന്ന വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിയ്ക്കുന്നു.

ഈ സന്ദർഭത്തിൽ പ്രധാനപ്പെട്ട ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. ഇസ്ളാമിക പണ്ഡിതനായ ശ്രീ അബ്ദുൾ നാസർ മഅദനി വളരെ വർഷങ്ങളായി കർണാടക സംസ്ഥാനത്ത് ജയിലിൽ കഴിയുകയാണല്ലോ. വൃദ്ധയായ മാതാവിനെ കാണുന്നതിനും ചികിൽസയ്ക്കുമായി കേരളത്തിലേക്ക് വരുന്നതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും അദ്ദേഹത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും, അറുപത് ലക്ഷത്തോളം രൂപ കെട്ടിവയ്ക്കണമെന്ന കർണാടകത്തിലെ മുൻ ബി. ജെ. പി. സർക്കാരിന്റെ നിലപാട് കാരണം അദ്ദേഹം ബാംഗ്ലൂരിലെ ജയിലിൽത്തന്നെ കഴിയുകയാണ്.

ഇത്രയും ഭീമമായ തുക കെട്ടിവയ്ക്കുന്നതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ രോഗിയും അവശനുമായി അനിശ്ചിതമായി തടവറയിൽ കഴിയേണ്ട ദുരിതത്തിലാണ് ശ്രീ. മഅദനി കർണാടകത്തിലെ പുതിയ കോൺഗ്രസ് സർക്കാരിൽ നിന്നും ഇക്കാര്യത്തിൽ മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്നു പ്രത്യാശിക്കുകയാണ്.

കർണാടക പോലീസിൽ നിന്നും അത്യാവശ്യത്തിനുള്ള സുരക്ഷാ സംവിധാനം ഒരുക്കിക്കൊണ്ടും, കേരളാ പോലീസിന്റെ സഹായം തേടിക്കൊണ്ടും ശ്രീ മഅദനിക്ക് കേരളത്തിൽ വന്നു ബന്ധുമിത്രാദികളെ കണ്ടു മടങ്ങുന്നതിന് അനുമതി ലഭ്യമാക്കുവാനുള്ള സഹായം താങ്കളിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. പുതിയ സർക്കാർ നിലവിൽ വരുമ്പോൾ ഏറ്റവും അടിയന്തിര പരിഗണനയോടെ ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകുന്നതിന് താങ്കളുടെ ആത്മാർഥമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ,

സ്നേഹപൂർവ്വം, കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എ

Tags:    
News Summary - Madani's visit to Kerala: K.B. Ganesh Kumar MLA sent a letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.