വിട പറഞ്ഞത് ഇന്ത്യൻ കാർഷിക രംഗത്തെ അതികായൻ

അറുപതുകളുടെ മധ്യത്തിൽ അതൊരു അത്ഭുതമായിരുന്നു. സസ്യ ജനിതകശാസ്ത്ര ലോകത്തെ ഹൈടൈക്ക് കണ്ടുപിടുത്തങ്ങളിലൊന്ന്. ലോകത്തിലെ മുഴുവൻ ഭക്ഷ്യ ക്ഷാമവും അറുതിയും തുടച്ചുനീക്കുക എന്ന് സ്വപ്നം കണ്ട മങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്ന മലയാളി സാധ്യമാക്കിയ മാജിക്.

1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു. ഒരു പ്രാദേശിക ഇനത്തെ ഉപയോഗിച്ച് മെക്സിക്കോയിൽ നിന്നുള്ള ക്രോസ് ബ്രീഡിംഗ് വിത്ത് വഴി അദ്ദേഹം ഒരു ഗോതമ്പ് ചെടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയുടെ എഴുപത് ശതമാനം പേരും കൃഷിയെ ആശ്രയിക്കുമ്പോൾ ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ ഗവേഷണങ്ങൾക്ക് തുടക്കമിടുന്നത്.

ഒരു ഹെക്ടറിൽ 150 പ്രദർശന പ്ലോട്ടുകൾ നട്ടുപിടിപ്പിച്ചു. ഫലം ഗംഭീരമായിരുന്നു. കർഷകരുടെ ഉത്കണ്ഠ കുറയുകയും ചെയ്തു. ലബോറട്ടറിയിലെ ധാന്യങ്ങളിൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായി കൂടുതൽ മാറ്റങ്ങൾ വരുത്തി. പുതിയ ഗോതമ്പ് ഇനങ്ങൾ വിതച്ചു. 1968-ൽ ഉൽപാദനം 17 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വിളവെടുപ്പിനേക്കാൾ അഞ്ചു ദശലക്ഷം ടൺ കൂടുതലായി.

അങ്ങനെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ മുഖ്യ ശില്പിയായി എം.എസ്. സ്വാമിനാഥൻ അറിയപ്പെട്ടു. നോർമൻ ബോർലോഗുമായി സഹകരിച്ചുള്ള ശാസ്ത്രീയ ശ്രമങ്ങൾ, കർഷകരും മറ്റ് ശാസ്ത്രജ്ഞരും ചേർന്ന് ഒരു ബഹുജന പ്രസ്ഥാനത്തിന് നേതൃത്വം നൽകി. പൊതു നയങ്ങളുടെ പിന്തുണയോടെ, 1960 കളിൽ എഷ്യൻ രാജ്യങ്ങളിൽ ആസന്നാമായ ഭക്ഷ്യ ക്ഷാമത്തിൽ നിന്ന് രക്ഷിച്ചു.

1972-ൽ സ്വാമിനാഥൻ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഡയറക്ടർ ജനറലായും ഇന്ത്യാ ഗവൺമെന്റ് സെക്രട്ടറിയായും നിയമിതനായി . 1979-ൽ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. 1982-ൽ ഫിലിപ്പീൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐആർആർഐ) ആദ്യ ഏഷ്യൻ ഡയറക്ടർ ജനറലായി .

1984-ൽ അദ്ദേഹം ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെയും (ICUN) വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെയും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി.

തേടിയെത്തിയ അംഗീകാരങ്ങൾ

● ഡോ.എം.എസ്.സ്വാമിനാഥന് 1967-ൽ പത്മശ്രീ, 1972-ൽ പത്മഭൂഷൺ, 1989-ൽ പത്മവിഭൂഷൺ എന്നിവ ലഭിച്ചു.

● കാർഷിക ഗവേഷണത്തിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി 1971-ൽ കമ്മ്യൂണിറ്റി ലീഡർഷിപ്പിനുള്ള രമൺ മഗ്‌സസെ അവാർഡ്.

● ഗോതമ്പിലെ പയനിയറിംഗ് പ്രവർത്തനത്തിന് 1971-ൽ ബോർലോഗ് അവാർഡ്.

● ഫിലിപ്പീൻസ് പ്രസിഡന്റ് 1987-ൽ ഡോ.എം.എസ്.സ്വാമിനാഥനെ ഗോൾഡൻ ഹാർട്ട് പ്രസിഡൻഷ്യൽ അവാർഡ് നൽകി ആദരിച്ചു.

● ഡോ എം എസ് സ്വാമിനാഥന് 1999-ൽ വോൾവോ പരിസ്ഥിതി സമ്മാനം ലഭിച്ചു.

●  2000-ൽ സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി സമ്മാനവും ലഭിച്ചു.

● ഇന്റർനാഷണൽ ജിയോഗ്രാഫിക്കൽ യൂണിയന്റെ പ്ലാനറ്റ് ആൻഡ് ഹ്യൂമാനിറ്റി മെഡൽ 2000-ൽ  ലഭിച്ചു.

● അസോസിയേഷൻ ഫോർ വിമൻ ഇൻ ഡവലപ്‌മെന്റ് വാഷിംഗ്ടണിൽ നിന്ന് ഏർപ്പെടുത്തിയ അവാർഡിന്റെ ആദ്യ സ്വീകർത്താവ് കൂടിയാണ് ഡോ എം എസ് സ്വാമിനാഥൻ.

● 1986-ൽ കൃഷി രത്‌ന അവാർഡ്.

● കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ഗോൾഡൻ ആർക്ക് ഓഫ് നെതർലാൻഡ്സ്, ലോകത്തിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി നൽകിയ പ്രത്യേക സേവനങ്ങളെ ആദരിക്കുന്നതിനായി (1990).

● 1991-ൽ പരിസ്ഥിതി നേട്ടത്തിനുള്ള ടൈലർ സമ്മാനം.

● 1991-ലെ ഹോണ്ട സമ്മാനം.

● 1994-ൽ യുഎൻഇപി–സസകാവ പരിസ്ഥിതി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

●  1995-ൽ ഗ്ലോബൽ എൻവയോൺമെന്റൽ ലീഡർഷിപ്പ് അവാർഡ് ലഭിച്ചു

Tags:    
News Summary - M S Swaminathan-Father of India’s Green Revolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.