സ്വാതന്ത്ര്യസമരകാലത്ത് മഹാത്മ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോൾ കൂട്ടുകാരികൾക്കൊപ്പം പ്രതിഷേധിച്ച് ക്ലാസിൽനിന്നിറങ്ങി മുദ്രാവാക്യം വിളിച്ചയാളാണ് എം.കമലം. ബി.ഇ.എം സ്കൂളിൽ ഫിഫ്ത്ത് ഫോറം വിദ്യാർഥിനിയായിരുന്ന അന്ന്. ഗാന്ധിജിയെ പിന്നീട് ഒരുവട്ടം ദൂരെനിന്ന് കണ്ട കമലം എന്ന ഏവരുടെയും കമലേടത്തിയുടെ അന്ത്യം മഹാത്മജിയുടെ രക്തസാക്ഷിദിനത്തിൽതന്നെയായത് വിധിയുടെ യാദൃച്ഛികത.1955ൽ ആവഡിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ഉടുപ്പിൽ പനിനീർ പുഷ്പം കുത്തിെകാടുത്തത് കമലം എന്നും ആവേശത്തോടെ പറയാറുണ്ടായിരുന്നു. ഗാന്ധിയനായിരുന്ന പിതാവ് കേളോത്ത് കൃഷ്ണെൻറയും ജാനകിയുടെയും മകളായ കമലം 20ാം വയസ്സിലാണ് അന്നത്തെ കോഴിക്കോട് മുൻസിപ്പൽ കൗൺസിലിലേക്ക് മൂന്നാം വാർഡിൽനിന്ന് മത്സരിച്ചത്. പെട്ടെന്നൊരു ദിവസം കോൺഗ്രസ് പ്രവർത്തകർ കുതിരവണ്ടിയുമായി വന്ന് കൗൺസിലറാവാൻ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കടിഞ്ഞൂൽ പ്രസവത്തിന് മൂന്ന് ആഴ്ചക്ക് ശേഷമായിരുന്നു പലരുടെയും നിർബന്ധത്താൽ മത്സരിച്ചത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള തുടക്കം ജയത്തോടെ ഗംഭീരമായി. പിന്നീട് രണ്ടുതവണകൂടി കൗൺസിലറായി.
1954ൽ കണ്ണൂരിൽ 200 മഹിള സഹകരണസംഘങ്ങൾ രൂപവത്കരിക്കാൻ മുൻകൈയെടുത്തു. 58ൽ കണ്ണൂരിലെ െക.പി.സി.സി സമ്മേളനത്തിൽ 20,000ലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചത് കോൺഗ്രസിെൻറ മലബാർ മേഖല കൺവീനറെന്ന നിലയിൽ കമലത്തിെൻറ സംഘാടനമികവിന് തെളിവായിരുന്നു. സാക്ഷാൽ ഇന്ദിര ഗാന്ധി ഈ മികവിനെ നേരിട്ട് പ്രശംസിച്ചു. അടിയന്തരാവസ്ഥ കാലത്ത് കൈക്കുഞ്ഞായ മകൻ വിജയകൃഷ്ണനൊപ്പം ജയിലിലുമായി. ജയിലിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ മജിസ്ട്രേറ്റിനോട് പ്രതികരിച്ചും ശ്രദ്ധ നേടിയിരുന്നു. 1980ൽ ജനതപാർട്ടിയുടെയും 82ൽ ജനത ജി.യുടെയും സ്ഥാനാർഥിയായാണ് കൽപറ്റയിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചത്. പിന്നീട് ജനത ജി. കോൺഗ്രസിൽ ലയിച്ചപ്പോൾ തിരിച്ചെത്തുകയായിരുന്നു. അഞ്ചുവർഷം മന്ത്രിയായി പ്രവർത്തിച്ചപ്പോൾ സഹകരണ സാമൂഹികക്ഷേമ മേഖലകളിൽ ഏറെ വികസനങ്ങൾ കമലം െകാണ്ടുവന്നിരുന്നു.
ഉയരങ്ങളിലെത്തേണ്ടിയിരുന്ന
കോഴിക്കോടിെൻറ രാഷ്ട്രീയക്കാരി
അടിയുറച്ച കോൺഗ്രസുകാരിയാണെന്ന് പറയുമായിരുന്ന എം. കമലം ആദർശങ്ങളിലുറച്ചു നിന്നതിനാൽ നഷ്ടമാക്കിയത് വലിയ പദവികളാണ്. സംഘടന കോൺഗ്രസിലേക്ക് പോയപ്പോൾ കമലത്തെ കോൺഗ്രസിൽ പിടിച്ചുനിർത്താൻ ഇന്ദിര ഗാന്ധിതന്നെ ശ്രമിച്ചിരുന്നു. അന്ന് തിരിച്ചുവന്നിരുന്നെങ്കിൽ ഇതിലും വലിയ പദവികളിൽ കമലേടത്തിയെ കാണാമായിരുന്നു. മന്ത്രിപദവിയും വനിത കമീഷൻ അധ്യക്ഷസ്ഥാനവും അലങ്കരിച്ച കമലത്തെ ഗവർണറായി പരിഗണിക്കുമെന്ന് പലവട്ടം അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ ഭാഗ്യം സിദ്ധിച്ചില്ല. സഹോദരിയെപ്പോലെ ഇന്ദിര ഗാന്ധിയെ സ്നേഹിച്ചിരുന്ന കമലം, പിന്നീട് ജനത പാർട്ടിയിൽ ചേർന്ന് ഇന്ദിരയുടെ നയങ്ങളെ ശക്തിയുക്തം വിമർശിച്ചിരുന്നു. 1977ൽ ജനതപാർട്ടി സ്ഥാനാർഥിയായി ബി.എ. സെയ്ത് മുഹമ്മദിനെതിരെ മത്സരിച്ചപ്പോൾ ഇന്ദിര കമലത്തിനെതിരെ പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയിരുന്നു. സഹോദരികൂടിയാണ് കമലമെങ്കിലും ആപത്ഘട്ടത്തിൽ തന്നെ അവർ കൈവിട്ടെന്ന് ഇന്ദിര പരസ്യമായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.