പുകമാറിയില്ല, ബ്രഹ്മപുരത്ത്​ പൊലീസ് സംരക്ഷണയിൽ പ്ലാസ്റ്റിക് മാലിന്യവുമായി ലോറികൾ

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യവുമായി രാത്രിയിൽ ലോറികൾ എത്തി. രാത്രി രണ്ട്​ മണിയോടെ പൊലീസ് അകമ്പടിയോടെയാണ് അമ്പതിലധികം ലോറികൾ പ്ലാന്‍റിലേക്ക് എത്തിയത്. വിവരമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിന് സമീപം ലോറികൾ തടഞ്ഞു. സ്ഥലത്ത് എത്തിയ വൻ പൊലീസ് സന്നാഹം പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയും മാലിന്യവുമായി വന്ന ലോറികൾ പ്ലാന്റിലേക്ക് കടത്തിവിടുകയും ചെയ്തു.

അതേ സമയം ബ്രഹ്മപുരത്തെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. തീ 80 ശതമാനം നിയന്ത്രണ വിധേയമായതോടെ രണ്ട് ദിവസത്തിനുള്ളിൽ പുകയും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഇന്ന് ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയേക്കും. പുക വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ശനിയാഴ്ച പ്ലാന്റിൽ സന്ദർശനം നടത്തിയേക്കും. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ എന്നിവരായിരിക്കും ബ്രഹ്മപുരത്ത് എത്തുക. തീപിടിത്തവും പുകയും തുടരുന്നത് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. വിവിധ സേനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങൾ പുലര്‍ച്ചയിലും തുടര്‍ന്നിരുന്നു.

ഏകോപനം ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങൾക്ക് വേഗം പകരുകയാണ് പുതിയ കലക്ടറുടെ പ്രധാന ദൗത്യം. തീ അണക്കാനാകുമെന്ന് പറയുമ്പോഴും ആശങ്ക നഗരത്തിൽ തുടരുന്ന പുകയാണ്. സമീപ ജില്ലകളിലേക്കും പടര്‍ന്ന പുക ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നതാണ് അലട്ടുന്ന പ്രശ്നം. ജില്ലാ കലക്ടര്‍, കോര്‍പറേഷൻ സെക്രട്ടറി അടക്കമുള്ളവരെ കോടതി വിളിച്ചു വരുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നത്തെ കോടതി ഇടപെടലും നിര്‍ണായകമാകും. പുക ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുമെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Lorries with plastic waste under police protection in Brahmapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.