തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായ ദീർഘകാല കരാർ റദ്ദാക്കലുമായി ബന്ധപ്പെട്ട റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് മാറ്റിവെച്ചു. പരാതിയുടെ പകർപ്പ് ലഭിച്ചില്ലെന്ന് വൈദ്യുതി ഉൽപാദക കമ്പനികളുടെ അഭിഭാഷകർ കമീഷനെ അറിയിച്ചതോടെയാണിത്. പരാതിയുടെ പകർപ്പ് കമ്പനികൾക്ക് അയച്ചതാണെന്ന് കമീഷൻ അറിയിച്ചുവെങ്കിലും തങ്ങൾക്ക് ലഭിച്ചില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി. ഇത് പരിഗണിച്ച കമീഷൻ ചെയർമാൻ ഇ-മെയിലായി രേഖകൾ അഭിഭാഷകർക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടർന്ന് തെളിവെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു.
ജാബുവ പവർ, ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് കമ്പനികളുടെ അഭിഭാഷകരാണ് തെളിവെടുപ്പിൽ ഹാജരായത്. മൂന്ന് കമ്പനികളിൽ നിന്നായി 25 വർഷത്തേക്ക് ഒപ്പുവെച്ച കരാറുകൾ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് റെഗുലേറ്ററി കമീഷൻ 2023ലാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ ഇടപെടലിനെത്തുടർന്ന് 2023 ഡിസംബറിൽ കരാർ കമീഷൻ പുനഃസ്ഥാപിച്ചെങ്കിലും ജാബുവ പവറും ജിൻഡാൽ ഇന്ത്യ തെർമൽ പവറും വൈദ്യുതി അപ്പലറ്റ് ട്രൈബ്യൂണലിനെയും സുപ്രീംകോടതിയെയും സമീപിച്ച് കരാർ പുനഃസ്ഥാപിച്ച നടപടിക്ക് തടയിട്ടു. കോടതിയെ സമീപിക്കാതിരുന്ന ജിൻഡാൽ പവറിൽനിന്ന് വൈദ്യുതി വാങ്ങാൻ അനുവാദം തേടി 2023 ഡിസംബറിൽ കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറിൽ വീണ്ടും ഹരജി നൽകിയെങ്കിലും മാർച്ച് 12ന് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജിൻഡാൽ പവറിൽ നിന്ന് 150 മെഗാവാട്ട് ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ തേടിയുള്ള അപേക്ഷ പരിഗണിക്കുന്നതിനാണ് കെ.എസ്ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചതെങ്കിലും മൂന്ന് കമ്പനികളുമായി ബന്ധപ്പെട്ട് മുമ്പ് നൽകിയ മറ്റൊരു അപേക്ഷ കൂടി തെളിവെടുപ്പിന് നിശ്ചയിച്ചു. ഇതിന്റെ ഉദ്ദേശശുദ്ധിയിൽ കെ.എസ്.ഇ.ബിക്ക് ആശങ്കയുണ്ട്. ജിൻഡാൽ പവറുമായുള്ള കരാറിനാണ് ഇനി പ്രസക്തി എന്നിരിക്കെ മറ്റുള്ളവരെക്കൂടി പരിഗണിക്കുന്നതെന്തിനെന്ന ചോദ്യമാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ ഉന്നയിക്കുന്നത്. ജിൻഡാൽ പവറിന് കെ.എസ്.ഇ.ബി നൽകാനുള്ള കുടിശ്ശിക തുക നൽകാനും കരാർ തുടരാനും റെഗുലേറ്ററി കമീഷൻ അനുമതി അനിവര്യമാണ്. ഇതാണ് വീണ്ടും പരിഗണിക്കാതെ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.