ബാ​ബു​രാ​ജ​ൻ  

സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധം; ഒടുവിൽ 52ാം വയസ്സിൽ ജോലി

തൃക്കരിപ്പൂർ: ജല അതോറിറ്റിയുടെ കാഞ്ഞങ്ങാട് സബ് ഡിവിഷൻ കാര്യാലയത്തിൽ ഗ്രേഡ് മൂന്ന് ഓവർസിയറായി 52ാം വയസ്സിൽ ജോലിക്ക് കയറുമ്പോൾ തൃക്കരിപ്പൂരിലെ വി.എം. ബാബുരാജന് ഒരു യുദ്ധം ജയിച്ച മട്ടായിരുന്നു. ഇനിയുള്ള എട്ടുവർഷം സർക്കാർ സർവിസിൽ തുടരാൻ അവസരം ലഭിക്കും. സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിന് പതിറ്റാണ്ടായിരുന്നു ദൈർഘ്യം.

2013ലാണ് റാങ്ക് പട്ടിക പുറത്തിറക്കിയത്. 94 ഒഴിവുകൾ ഉണ്ടായിരിക്കെ 2016ൽ പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതോടെയാണ് നിയമയുദ്ധത്തിന് തുടക്കം കുറിക്കുന്നത്. റാങ്കുപട്ടികയിൽ ഇടംപിടിച്ചശേഷം വിട്ടുകൊടുക്കാൻ മനസ്സുവന്നില്ലെന്ന് ബാബുരാജൻ പറയുന്നു. പിന്നീടൊരു പരീക്ഷക്കുള്ള പ്രായവും പിന്നിട്ടിരുന്നു. റാങ്ക് പട്ടിക കാലാവധി വർധിപ്പിക്കുന്നത് സംബന്ധിച്ച് നൽകിയ അപേക്ഷകൾ പി.എസ്.സി നിരസിച്ചു.

പിന്നീടാണ് ഹൈകോടതിയെ സമീപിച്ചത്. ഉദ്യോഗാർഥികൾക്ക് അനുകൂലമായി ലഭിച്ച വിധിക്കെതിരെ പി.എസ്.സി നൽകിയ അപ്പീൽ കോടതി തള്ളി. പിന്നീട് ഡിവിഷൻ ബെഞ്ചിലും സമാന വിധി ആവർത്തിച്ചു. തുടർന്നാണ് പി.എസ്.സി സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ ഹരജിക്കാരിൽ പലരും പിൻവാങ്ങി.അപ്പോഴേക്കും കോവിഡ് നിയന്ത്രണങ്ങൾ കേസിന്റെ നടപടികളെ ബാധിച്ചു. കേസ് പരിഗണിക്കുന്നത് മാസങ്ങൾ നീണ്ടു. പക്ഷേ, കേസ് കേട്ട കോടതി, പി.എസ്.സി നൽകിയ അപ്പീൽ തള്ളി കീഴ് കോടതി വിധി നിലനിർത്തി.

മുഴുവൻ ഒഴിവുകളിലും നിയമനം നടത്താനാണ് കോടതി ഉത്തരവ്. തുടക്കത്തിൽ 25 പേരാണ് കേസിൽ കക്ഷി ചേർന്നത്. അവസാനഘട്ടത്തിൽ 15 പേർ മാത്രമാണ് ബാക്കിയായത്. ജില്ലയിൽ മൂന്നുപേരാണ് കഴിഞ്ഞ ദിവസം ജോലിക്ക് ചേർന്നത്. ബാബുരാജന്റെയും സുഹൃത്തുക്കളുടെയും നിയമപോരാട്ടം വരാനിരിക്കുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് മാർഗരേഖയാകും. നിയമപോരാട്ടത്തിനിടെ നിർമാണ മേഖലയിൽ സ്വകാര്യ സ്ഥാപനം നടത്തിവരുകയായിരുന്നു ബാബുരാജൻ. 

Tags:    
News Summary - Long legal battle till the Supreme Court; Finally got a job at age 52

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.