ലോകായുക്ത നിയമഭേദഗതി; നീതിന്യായ സംവിധാനത്തിലെ ഇടപെടലില്ലെന്ന് സർക്കാർ

കൊച്ചി: അന്വേഷണ സ്വഭാവത്തോടെ അധികാരം കൈയാളുന്ന ലോകായുക്തയുമായി ബന്ധപ്പെട്ട നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവരുന്നത് നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാകില്ലെന്ന് സംസ്ഥാന സർക്കാർ.

ലോകായുക്തയെ കോടതിയുമായോ ട്രൈബ്യൂണലുമായോ താരതമ്യം ചെയ്യാനാകില്ല. ലോകായുക്ത ഉത്തരവ് കോടതി ഉത്തരവിന് സമാനമല്ലെന്നും വിജിലൻസ് വിഭാഗം അഡീ. സെക്രട്ടറി ടി. മിനിമോൾ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ലോകായുക്ത നിയമഭേദഗതി ചോദ്യംചെയ്ത് തിരുവനന്തപുരം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹരജിയിലാണ് സർക്കാറിന്‍റെ വിശദീകരണം. ഹരജി തള്ളണമെന്നാണ് സർക്കാറിന്‍റെ ആവശ്യം.

ലോകായുക്ത നിയമത്തിന്റെ 12ാം വകുപ്പ് പ്രകാരം ലോകായുക്തയും ഉപലോകായുക്തയും നൽകുന്ന റിപ്പോർട്ടിന് ശിപാർശയുടെ സ്വഭാവമാണുള്ളത്. എന്നാൽ, നിയമത്തിന്റെ 14ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരം ലോകായുക്ത റിപ്പോർട്ട് അംഗീകരിക്കാൻ നിർബന്ധിതരാവുകയാണ്. ഈ വകുപ്പ് ഭരണഘടന വിരുദ്ധമാണ്. പൊതുസേവകനെതിരായ പരാതി നിലനിൽക്കുന്നതായി ലോകായുക്ത റിപ്പോർട്ട് നൽകിയാൽ അയാൾക്ക് സ്ഥാനത്ത് തുടരാനാകില്ല. ഈ വൈരുധ്യം പരിഹരിക്കാൻ വകുപ്പ് ഒഴിവാക്കേണ്ടതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളിലൊന്നും ഇൗ വ്യവസ്ഥകളില്ല. അതിനാൽ, ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവരാൻ സർക്കാറിന് അധികാരമുണ്ട്.

ഓർഡിനൻസിൽ ഒപ്പിടാൻ പ്രസിഡന്റിന്റെ മുൻകൂർ അനുമതി വേണ്ട. ഓർഡിനൻസിലൂടെ നിയമ ഭേദഗതിക്ക് കാരണമായത് ലോകായുക്തയുടെ പരിഗണനയിലുള്ള ചില പരാതികളാണെന്ന ആരോപണം തെറ്റാണ്. ലോകായുക്ത ഉത്തരവിൽ സർക്കാർ അപ്പീൽഅധികാരിയായി മാറുന്നെന്ന വാദവും കഴമ്പില്ലാത്തതാണ്. മറുപടി സത്യവാങ്മൂലം നൽകാൻ ഹരജിക്കാർ സമയം തേടി. തുടർന്ന് ഹരജി ഈ മാസം 22ന് വീണ്ടും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.

Tags:    
News Summary - Lokayukta Amendment; The government says there is no interference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.