ലോക കേരള സഭ: അനിത എത്തിയത് ഓപ്പൺ ഫോറം പാസ് ഉപയോഗിച്ചാകാമെന്ന് നോർക്ക

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

പ്രവാസി സംഘടനകൾക്കെല്ലാം ഓപ്പൺ ഫോറത്തിന്‍റെ പാസ് നൽകിയിരുന്നതായും അങ്ങനെയാകാം അനിത എത്തിയതെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകുന്ന മറുപടി. താൻ ഓപ്പൺ ഫോറത്തിൽ പ​ങ്കെടുക്കാനാണ് വന്നതെന്ന് അനിതയും പറഞ്ഞു. ലോക കേരള സഭയുടെ സെഷനുകളിലൊന്നും പ​ങ്കെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ലോക കേരള സഭ സമ്മേളനം നടക്കുന്നതിനിടെ സ​മ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇവർ മുഴുവൻ സമയവും ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ പേര് പ്രതിനിധി പട്ടിയിൽ ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മാധ്യമപ്രവർത്തകർ കാണുമ്പോൾ നിയമസഭാ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സഭ ടി.വിയുടെ ഓഫിസിലാണ് അനിത പുല്ലയിൽ ഉണ്ടായിരുന്നത്.

നിയമസഭക്കുള്ളിൽനിന്ന്​ പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ അവരുടെ പ്രതികരണം ആരായാൻ ശ്രമിച്ചെങ്കിലും വാച്ച്​ ആൻഡ്​​ വാർഡ്​ ഇടപെട്ട്​ തടഞ്ഞു. മുമ്പ്​ ഇവർ ലോക കേരളസഭ പ്രതിനിധിയായിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ ഇക്കുറി ക്ഷണിച്ചിരുന്നില്ല.

കര്‍ശന നിയന്ത്രണമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയിരുന്നത്. അത് മറികടന്ന് എങ്ങനെ ഇവർ സമ്മേളനം നടക്കുന്ന സ്ഥലത്തെത്തിയെന്നതിനെ കുറിച്ച് ദുരൂഹതയാണ് നിലനിൽക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം അനിത പുല്ലയിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മോൻസൺ മാവുങ്കൽ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലായിരുന്നു ചോദ്യംചെയ്യൽ. ഇരയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അനിത പുല്ലയിൽ മൊഴി നൽകി. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. പുരാവസ്തു തട്ടിപ്പിന് പിന്നാലെയാണ് സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി മോന്‍സണെതിരെ ഉയര്‍ന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അനിത അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചോദ്യംചെയ്യല്‍.

തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൻസൺ മവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല.

കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്.

News Summary - Loka Kerala Sabha: Norka says Anitha could have used the open forum pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.