കെ. രാധാകൃഷ്ണൻ, രമ്യ ഹരിദാസ്

പാലക്കാട് ജില്ലയിലെ ചിറ്റൂർ മുതൽ തൃശൂർ ജില്ലയിലെ കുന്നംകുളം വരെ നീണ്ടുകിടക്കുന്ന ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ അതിശക്തമായ മത്സരമാണ്. തൃശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി നിയമസഭ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവയും ചേർന്നതാണ്​ മണ്ഡലം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വം വഴി എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കുകയാണ്​ എൽ.ഡി.എഫ്​ ലക്ഷ്യമിടുന്നത്​. ഇതിനുതകുന്ന പ്രവർത്തനരീതിയും സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നടത്തുന്നുണ്ട്. സിറ്റിങ്​ എം.പി രമ്യ ഹരിദാസിന്‍റെ രണ്ടാം വിജയത്തിനായുള്ള പ്രചാരണത്തിൽ കോൺഗ്രസും ഏറെ മുന്നിലാണ്. ബി. ഡി.ജെ.എസിൽനിന്ന് ബി.ജെ.പി ഏറ്റെടുത്ത മണ്ഡലത്തിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ടി.എൻ സരസുവിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചാരണത്തിന്​ നേരിട്ടെത്തി. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതമായ 8.81 ശതമാനമെന്നത് ഗണ്യമായി കൂട്ടുകയാണ്​ ബി.ജെ.പി ലക്ഷ്യം. എന്നാൽ, കാര്യമായ ചലനം സൃഷ്ടിക്കാൻ അവർക്കാവില്ല.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൽ പകുതിയിലധികവും നേടി, സിറ്റിങ് എം.പിയായിരുന്ന എൽ.ഡി.എഫി​ലെ പി.കെ. ബിജുവിനെ തറപറ്റിച്ചാണ് രമ്യ ഹരിദാസ് ജയിച്ചത്​. പരമ്പരാഗത ഇടതുകോട്ടകളിൽനിന്നുപോലും രമ്യക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചു. എന്നാൽ, മണ്ഡലത്തിൽ നിന്നുതന്നെയുള്ള രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വവും വ്യക്തിപ്രഭാവവും ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണവുമെല്ലാം തങ്ങൾക്ക്​ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണത്തെ ഒന്നര ലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷം നിലനിർത്താനായില്ലെങ്കിലും ജയിക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്.

കുന്നംകുളം, ചേലക്കര, വടക്കാ​ഞ്ചേരി നിയമസഭ മണ്ഡലങ്ങളിലെ വോട്ടുവിഹിതം ഗണ്യമായി ഉയർത്തി വിജയം അനായാസമാക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. സ്വന്തം മണ്ഡലമായ ചേലക്കരയിൽ ഇതിനകം 1734 കോടി 34 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് മന്ത്രി കെ. രാധാകൃഷ്ണൻ നേതൃത്വം നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി, ചേലക്കര, പഴയന്നൂർ, ചെറുതുരുത്തി, വരവൂർ, ദേശമംഗലം, അടാട്ട്, എളനാട് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ലഭിക്കുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു. മണ്ഡലത്തിന്‍റെ ഭാഗമായ തൃശൂർ ജില്ലയിലെ പ്രദേശങ്ങളെ നിലവിലെ എം.പി രമ്യ ഹരിദാസ് അവഗണിച്ചെന്ന വികാരമുണ്ടിവിടെ​. കെ. രാധാകൃഷ്ണനെ മന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന പ്രചാരണവുമുണ്ട്​. പാലക്കാട്​ ജില്ലയിലെ നാലു​ നിയമസഭ മണ്ഡലങ്ങളിലാണ്​ രമ്യ ഹരിദാസ് കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. ഇവിടങ്ങളിൽ അനുകൂല വിധിയുണ്ടാകുമെന്ന് അവർ കണക്കുകൂട്ടുന്നു.

Tags:    
News Summary - Lok Sabha Elections 2024 constituency trend alathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.