മലപ്പുറം: എക്കാലവും തെരഞ്ഞെടുപ്പിന്റെ ആവേശത്തുടിപ്പുകളാണ് മുദ്രാവാക്യങ്ങൾ. പാർട്ടികളും മുന്നണികളും ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ പലപ്പോഴും നിഷ്പക്ഷ വോട്ടർമാരുടെ നാവിൻ തുമ്പിലുമെത്തി. പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും നിറയുന്ന ക്യാപ്ഷനുകൾക്ക് വോട്ട് പിടിക്കാനുള്ള ശക്തിയുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പി.ആർ ഏജൻസികളാണ് ഇപ്പോൾ പല പാർടികളുടെയും ക്യാപ്ഷനുകൾ തയാറാക്കുന്നത്. എൽ.ഡി.എഫ് വരും എല്ലാം ശരിയാകും, നാട് നന്നാക്കാൻ യു.ഡി.എഫ് എന്നീ മുദ്രാവാക്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്. പാർട്ടികളും മുന്നണികളും ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രമേയങ്ങൾ തയാറാക്കിയാലും, ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാഹചര്യങ്ങളും സാംസ്കാരിക പെരുമയും സ്ഥാനാർഥിയുടെ കഴിവും അടയാളപ്പെടുത്തുന്ന ക്യാപ്ഷനുകളാണ് സ്ഥാനാർഥികൾ ഏറ്റെടുക്കുന്നത്.
വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആനിരാജയുടെ മുദ്രാവാക്യം ‘അരികിലുണ്ട് ആനി’ എന്നാണ്. മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്ഥിരമായി ഇല്ലാത്ത പശ്ചാത്തലത്തിൽ കൂടിയാണിത്. ‘മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം’ എന്നതാണ് ബി.ജെ.പി മുദ്രാവാക്യം. എന്നാൽ, കോഴിക്കോട്ടെത്തുമ്പോൾ എം.ടി രമേശ് അത് പുതിയ കോഴിക്കോട് എന്നാക്കി മാറ്റി. കോഴിക്കോട്ടുകാർ എം.കെ രാഘവനെ ഏട്ടൻ എന്ന് ചേർത്ത് വിളിച്ചതോടെ എളമരം കരീമിന്റെ പോസ്റ്ററുകളിൽ കരീംക്ക എന്ന സ്നേഹവിളി നിറഞ്ഞു. ആലപ്പുഴയിൽ ‘ഹൃദയത്തിൽ കെ.സി’ എന്നാണ് കെ.സി വേണുഗോപാലിെൻറ മുദ്രാവാക്യം. ‘അരികിലുണ്ട് ആരിഫ്’ എന്ന് എ.എം ആരിഫിെൻറ മറുപടി.
മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ ‘ഇടി മുഴക്കം തുടരാൻ’ എന്ന് എഴുതിയതോടെ ഇ.ടിയുടെ പ്രായത്തിൽ കുത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫിന്റെ പ്രമേയം- ‘യുവത്വം നയിക്കും, മലപ്പുറം മാറും’.
പൊന്നാനിക്കാർക്കിടയിൽ മലയാളിയുടെ അഭിമാനം എന്നാണ് അബ്ദുസമദ് സമദാനിയുടെ വിശേഷണം. സമദാനി പങ്കെടുക്കുന്ന പരിപാടികൾക്ക് ‘സമാദാനീയം’ എന്നും പേരിട്ടു. ‘ഇത്തവണ പൊന്നാനിയും മാറും’ എന്നാണ് കെ.എസ് ഹംസയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.