ലോക്കൽ ട്രെയിൻ പുനഃസ്ഥാപിച്ചില്ല; ജോലിക്ക് പോകാനാവാതെ നിത്യയാത്രികർ

കോഴിക്കോട്: തൃശൂർ-കണ്ണൂർ, കോഴിക്കോട് -കോയമ്പത്തൂർ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തത് നിത്യയാത്രികർക്ക് തൊഴിൽ പ്രതിസന്ധിക്ക് കാരണമാവുന്നു. തൃശൂരിനും കോഴിക്കോടിനുമിടയിലുള്ള യാത്രികരാണ് കൂടുതൽ പ്രയാസമനുഭവിക്കുന്നത്.

ലോക്ഡൗൺ കാലത്ത് നിർത്തിയ മിക്ക ട്രെയിനുകളും പുനഃസ്ഥാപിച്ചെങ്കിലും മലബാറിലെ സാധാരണക്കാരുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ട്രെയിനുകൾ തിരിച്ചുവന്നില്ല. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്ത് തൊഴിലെടുത്തിരുന്ന വനിതകളുൾപ്പെടെ നിരവധി പേർ ട്രെയിൻ ഇല്ലാത്തതിന്‍റെ പേരിൽ ജോലി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഷൊർണൂരിനും കോഴിക്കോടിനുമിടയിലുള്ള യാത്രികരാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

തൃശൂരിൽ നിന്ന് രാവിലെ ആറു മണിക്ക് പുറപ്പെട്ട് 9.30ന് കോഴിക്കോടും 11.30 ഓടെ കണ്ണൂരിലുമെത്തുന്ന ട്രെയിൻ നിത്യതൊഴിലിനടക്കം പോകുന്ന നിരവധിയാളുകൾ യാത്രക്ക് ആശ്രയിച്ചിരുന്നു. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ യാത്ര ചെയ്യുന്ന ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കും സൗകര്യപ്രദമായ സമയമായിരുന്നു ഈ ട്രെയിനിന്റേത്. പുലർച്ചെ അഞ്ചിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30 ഓടെ കോയമ്പത്തൂരിലെത്തുന്ന ലോക്കൽ ട്രെയിനും നിത്യയാത്രക്കാർക്ക് ഉപകാരമുള്ള സമയത്താണ്.

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം എക്സ്പ്രസ് വണ്ടികളിൽ ജനറൽ കമ്പാർട്ട്മെന്‍റുകൾ അനുവദിച്ചു തുടങ്ങിയിട്ടും മംഗലാപുരം-തിരുവനന്തപുരം 16348 ട്രെയിനിലും കണ്ണൂർ -ബംഗളൂരു യശ്വന്ത്പുർ ട്രെയിനിലും മംഗലാപുരം-ചെന്നൈ എഗ് മോര്‍ ട്രെയിനിലും ജനറൽ കമ്പാർട്ടുമെന്‍റുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലബാറിലെ യാത്രക്കാരെയാണ്. പ്രത്യേകിച്ച് സ്ഥിരം യാത്രക്കാരെ.

ഇപ്പോൾ സർവിസ് നടത്തുന്ന എല്ലാ ട്രെയിനുകൾക്കും ഓർഡിനറി ടിക്കറ്റും സീസൺ ടിക്കറ്റും അനുവദിക്കുകയാണെങ്കിൽ വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, കോഴിക്കോട് മെഡി. കോളജിൽ പോകുന്ന രോഗികൾ തുടങ്ങിയവർക്കെല്ലാം പ്രയോജനകരമാകും. മലബാറിലെ ജനപ്രതിനിധികളും കേരളത്തിന്‍റെ റെയിൽവേ ചുമതലയുള്ള മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നാണ് യാത്രികരുടെ ആവശ്യം.

Tags:    
News Summary - Local train not restored; Frequent travelers unable to go to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.