കൽപറ്റ: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി ചുണ്ടേൽ ആനപ്പാറ പ്രദേശം. ദിവസങ്ങളായി മേഖലയിൽ വ്യാപക കൃഷിനാശമാണ് കാട്ടാന വിതച്ചത്. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ നാട്ടിലിറങ്ങിയതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അതിരാവിലെ ജോലിക്കു പോകുന്നത് പലരും നിർത്തി.
വിദ്യാർഥികൾ വീട്ടിൽ തിരിച്ചെത്തുന്നതുവരെ രക്ഷിതാക്കൾക്ക് ആശങ്കയാണ്. നിരവധി കാർഷിക വിളകളാണ് നശിപ്പിച്ചത്. വനം വകുപ്പും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളംവെച്ചും ആനയെ ഓടിക്കാറുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരമല്ല. ആനപ്പാറ, നായിക്കക്കൊല്ലി, വീട്ടിക്കാട്, പക്കാളിപ്പളം മേഖലകളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികളും കനത്ത ഭീതിയിലാണ്. വനാതിർത്തികളിൽ ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ് വന്യമൃഗങ്ങൾ എളുപ്പത്തിൽ ജനവാസ മേഖലകളിലെത്താൻ കാരണമാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അടിയന്തരമായി കമ്പിവേലി സ്ഥാപിച്ച് വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി, മണ്ണുണ്ടി, വാകേരി ഭാഗങ്ങളിലിറങ്ങി കൃഷിനാശം വരുത്തിയ കാട്ടാനകളെ കുങ്കിയാനാകളെ ഉപയോഗിച്ച് തുരത്തി. ഇരുളം, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും വാച്ചർമാരും ചേർന്ന 14 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. പ്രമുഖ, ഭരത് എന്നീ കുങ്കിയാനകൾ വനപാലകരെ സഹായിക്കാൻ മൂടക്കൊല്ലിയിലെത്തിയിരുന്നു.
ഏതാനും ദിവസം മുമ്പ് മൂടക്കൊല്ലിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയും ഒരു ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ രോഷാകുലരായി. തുടർന്നാണ് കുങ്കിയാനകളെയെത്തിച്ച് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിന് വനം വകുപ്പ് തയാറായത്. മൂടക്കൊല്ലി, കൂടല്ലൂർ, വാകേരി തുടങ്ങിയവ ചെതലയം വനത്തോടുചേർന്നു കിടക്കുന്ന പ്രദേശങ്ങളാണ്. വനയോരത്ത് പ്രതിരോധ സംവിധാനങ്ങൾ കൃത്യമല്ലാത്തതാണ് കാട്ടാനകൾ പുറത്തിറങ്ങാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.