കൽപറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ സാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി വയനാട് പൊലീസ്. കുമ്മാട്ടർമേട് ചിറക്കടവ് ചിത്തിര വീട്ടിൽ നന്ദകുമാർ (32), കാണിക്കുളം കഞ്ഞിക്കുളം അജിത്ത് കുമാർ (27), പോൽപുള്ളി പാലാനംകുറിശ്ശി സുരേഷ് (47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു (29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു (31), വാവുല്യപുരം തോണിപ്പാടം കലാധരൻ (33) എന്നിവരെയാണ് ഹൈവേ പൊലീസും കൽപറ്റ പൊലീസും സ്ക്വാഡും ചേർന്ന് കൽപറ്റ നഗരത്തിലെ കൈനാട്ടിയിൽനിന്ന് പിടികൂടിയത്.
കെ.എൽ.10 എ.ജി 7200 സ്കോർപിയോയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ശനിയാഴ്ച രാത്രി പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. വൈദ്യ പരിശോധനക്കുശേഷം മഹാരാഷ്ട്ര പൊലീസിന് കൈമാറി. മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ.
ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും മുന്നറിയിപ്പ് നൽകുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ വിമൽ ചന്ദ്രൻ, എൻ.വി. ഹരീഷ് കുമാർ, ഒ.എസ്. ബെന്നി, എ.എസ്.ഐ മുജീബ് റഹ്മാൻ, ഡ്രൈവർ എസ്.സി.പി.ഒ പി.എം. സിദ്ദീഖ്, സി.പി.ഒ എബിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.