കൽപറ്റ: വയനാട് ഇനി അതിദാരിദ്ര മുക്ത ജില്ല. ഔദ്യോഗിക പ്രഖ്യാപനം പട്ടികജാതി-പട്ടികവഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര് കേളു ശനിയാഴ്ച രാവിലെ 10 ന് മാനന്തവാടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തും. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സര്‍ക്കാറിന്റെ സുപ്രധാന ലക്ഷ്യത്തിനാണ് ജില്ല പുരോഗതി കൈവരിച്ചത്.
ജില്ലയിലെ 2931 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ആരോഗ്യം, വനിത ശിശു വികസനം, പട്ടികവർഗം, പ്ലാനിങ്, വനം, കുടുംബശ്രീ, ലൈഫ് മിഷന് എന്നീ വകുപ്പുകലുടെ കൂട്ടായ നേതൃത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ പ്രാപ്തമാക്കിയത്.
അതിദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിപുലമായ സർവേ നടത്തി മൈക്രോപ്ലാന്‍ മുഖേന 2931 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. മൈക്രോപ്ലാനിലൂടെ കണ്ടെത്തിയ കുടുംബങ്ങളിലെ 4533 വ്യക്തികല് അതിദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞ് ഇവരെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ 2454 മൈക്രോപ്ലാനുകല് തയാറാക്കി. ഇതിന്റെ സമയബന്ധിത നടപ്പാക്കലാണ് പദ്ധതിയുടെ വിജയത്തിന് ആധാരം.
റേഷന്‍- ആധാര്‍-തിരിച്ചറിയല്‍-തൊഴില്‍ കാര്‍ഡുകൾ, സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് മറ്റ് ആവശ്യരേഖകളുടെ അഭാവം പരിഹരിക്കാന്‍ അവകാശം അതിവേഗം എന്ന പേരില്‍ പ്രത്യേക കാമ്പയിന് സംഘടിപ്പിച്ച് 670 വ്യക്തികൾക്ക് ആവശ്യ രേഖകല്‍ ലഭ്യമാക്കി. അതിജീവനത്തിന് തടസ്സമാവുന്ന അടിസ്ഥാന ആവശ്യങ്ങളുടെ കുറവുകൾ പരിഹരിക്കാന്‍ സമഗ്ര ഇടപെടല്‍ നടത്തി. 952 കുടുംബങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷണ കിറ്റുകളും ആവശ്യക്കാര്‍ക്ക് പാകം ചെയ്ത ഭക്ഷണങ്ങളും ലഭ്യമാക്കി അടിസ്ഥാന ഭക്ഷണ ലഭ്യത ഉറപ്പാക്കി.
1526 കുടുംബങ്ങള്‍ക്ക് ദൈനംദിന മരുന്നുകലും പാലിയേറ്റിവ് സേവനങ്ങളും ഉറപ്പാക്കി. 268 കുടുംബങ്ങള്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലൂടെയും വരുമാന ലഭ്യത ഉറപ്പാക്കി ജീവിതസാഹചര്യം മെച്ചപ്പെടുത്തി.
പാര്‍പ്പിടരഹിതരായ 632 കുടുംബങ്ങളില്‍ 377 കുടുംബങ്ങള്‍ക്ക് പുതിയ വീട്, 139 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണം എന്നിവ സാധ്യമാക്കി. ഭൂരഹിതരും ഭവനരഹിതരുമായ 116 കുടുംബങ്ങളില്‍ 41 പേര്‍ക്ക് റവന്യൂ ഭൂമിയും 52 പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും ഒരാള്‍ക്ക് വനാവകാശ പ്രകാരവും ഭൂമി ലഭ്യമാക്കി. 22 കുടുംബങ്ങള്‍ സ്വന്തമായി ഭൂമി കണ്ടെത്തി. സമഗ്രമായ ഇടപെടലിലൂടെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കാന്‍ ജില്ലക്ക് സാധിച്ചു.
വൈത്തിരി: ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷാണ് പ്രഖ്യാപനം നടത്തിയത്. 14 വാർഡുകളിൽ നിന്ന് കണ്ടെത്തിയ 29 അതിദരിദ്ര കുടുംബങ്ങളിൽ ഭൂമിയും വീടും ഇല്ലാത്ത നാല് കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കി. മൂന്ന് കുടുംബങ്ങൾക്ക് വീട് അനുവദിച്ചു.
അതിൽ ഒരു വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഭവനപുനരുദ്ധാരണം ആവശ്യമായ ആറ് കുടുംബങ്ങളിൽ അഞ്ചുപേരുടെ ഭവനപുനരുദ്ധാരണം പൂർത്തിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷയായ പരിപാടിയിൽ കൽപറ്റ ബ്ലോക്ക് അംഗം എൽസി ജോർജ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. സജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.