വയനാട് വന്യജീവിസങ്കേതത്തിൽ തീറ്റതേടിയിറങ്ങിയ ആനക്കൂട്ടം

വേനൽമഴയിൽ കുതിർന്ന് വയനാടൻ കാടുകൾ; വന്യജീവികൾക്ക് ആശ്വാസം

കൽപറ്റ: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തിറങ്ങുന്ന വേനൽമഴ വയനാടൻ കാടുകളെയും ആഹ്ലാദത്തിലാഴ്ത്തുന്നു. സമീപത്തെ മുതുമല, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിൽനിന്നുമടക്കമുള്ള വന്യമൃഗങ്ങൾ കടുത്ത വേനലിൽ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലെത്തുന്നത് പതിവാണ്.

ഈ സാഹചര്യത്തിലാണ് ഇവിടെ പെയ്തിറങ്ങുന്ന മഴയിൽ തളിർത്തുതുടങ്ങുന്ന പുല്ലുകളും ജലലഭ്യതയും മേഖലയിലെ മുഴുവൻ വന്യജീവി സങ്കേതങ്ങളിലെയും വന്യമൃഗങ്ങൾക്ക് സമൃദ്ധിയൊരുക്കുന്നത്.

ഇതിനുപുറമെ, കാട്ടുതീ ഭീഷണി കടുത്ത രീതിയിൽ നിലനിൽക്കുന്ന വേനലിലാണ് തരക്കേടില്ലാത്ത രീതിയിൽ മഴ ലഭിച്ചതെന്നത് അവയെ മുൻനിർത്തിയുള്ള ആശങ്കകൾ ലഘൂകരിക്കാനും സഹായകമായതായി വനംവകുപ്പ് അധികൃതർ പറയുന്നു.

മുൻ വർഷങ്ങളിൽ ഏറെ വനസമ്പത്ത് കാട്ടുതീയിൽ കത്തിയമർന്നിരുന്നെങ്കിലും ഇക്കുറി വയനാടൻ കാടുകളിലും ചേർന്നുനിൽക്കുന്ന അതിർത്തി സംസ്ഥാനങ്ങളിലെ കാടുകളിലും കാട്ടുതീ ഭീഷണി ഇതുവരെ കാര്യമായി ഉണ്ടായിട്ടില്ല. ജില്ലയിൽ വന്യജീവി സങ്കേതത്തിന് പുറത്തുള്ള ബാണാസുര മലമുകളിലും കുറുമ്പാലക്കോട്ടയിലുമടക്കമുള്ള ഒറ്റപ്പെട്ട ചിലയിടങ്ങളിലെ 15 ഹെക്ടറോളം പ്രദേശത്തെ പുൽമേടുകൾക്ക് തീപിടിച്ചതു മാത്രമാണ് സംഭവിച്ച അപായങ്ങൾ.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ വയനാട് വന്യജീവി സങ്കേതത്തിൽ 8.5 മി.മീറ്റർ മുതൽ 32 മി.മീറ്റർ വരെ മഴ ലഭിച്ചതായാണ് കണക്ക്. ഇതേ തുടർന്ന് പുൽനാമ്പുകൾ വ്യാപകമായി തളിർത്തുതുടങ്ങിയിട്ടുണ്ട്. കാട്ടുതീ പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യതകൾ ഈ മഴയിൽ തുലോം കുറഞ്ഞതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഈ നിലയിൽ കുറച്ച് ആഴ്ചകൾ മുമ്പോട്ടുപോവുകയും പിന്നീട് വേനൽമഴ ശക്തിപ്രാപിക്കുകയും ജൂണിൽ മൺസൂൺ തുടങ്ങുകയും ചെയ്യുന്നതോടെ കാര്യങ്ങൾ ഭദ്രമാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

കാടിനുള്ളിൽ വന്യജീവികൾക്കായി വനം വകുപ്പ് ഒരുക്കിയ നിരവധി തടയണകളിൽ ജലലഭ്യത ഉയരാനും വേനൽ മഴ വഴിയൊരുക്കിയിട്ടുണ്ട്. 106 ചെക്ഡാമുകളും മണ്ണിന്റെ തടയണകളുമടക്കം 311 ഇടങ്ങളിലാണ് വനംവകുപ്പ് വന്യമൃഗങ്ങൾക്ക് കുടിക്കാനും കുളിക്കാനുമായി വെള്ളം കെട്ടിനിർത്തിയിരിക്കുന്നത്.

മഴ പെയ്തതോടെ ഇവയിൽ മിക്കതിലും ജലനിരപ്പ് ഏറെ ഉയർന്നിട്ടുണ്ട്. വേനലിൽ സമീപത്തെ മറ്റു വന്യജീവി സങ്കേതങ്ങളിൽനിന്നുള്ള മൃഗങ്ങളുടെ വരവ് മുൻനിർത്തി 200 ബ്രഷ് വുഡ് ചെക്ഡാമുകൾ വനം വകുപ്പ് അധികൃതർ പണിതിട്ടുണ്ട്. കർണാടക, തമിഴ്നാട് വനങ്ങളിൽ വേനൽമഴ കാര്യമായി പെയ്തിട്ടില്ലെന്നത് കണക്കിലെടുക്കുമ്പോൾ വയനാട് വന്യജീവി സങ്കേതത്തിലേക്കുള്ള വന്യമൃഗങ്ങളുടെ കൂടുമാറ്റം ഈ വേനൽക്കാലത്ത് കൂടുതൽ ശക്തമായേക്കും.

Tags:    
News Summary - Wayanad forests soaked in summer rains; Relief for wildlife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.