വൈത്തിരി മിനി സിവിൽസ്​റ്റേഷൻ പ്രവൃത്തി തുടങ്ങിയില്ല

വൈത്തിരി: മാറിമാറി വരുന്ന സർക്കാറുകൾ വൈത്തിരിയോട് കാണിക്കുന്ന അവഗണനക്ക്​ ഉദാഹരണമാണ് താലൂക്ക് ആസ്ഥാനമായ വൈത്തിരിയിലെ ജീർണിച്ച കെട്ടിടങ്ങൾ.

മിനി സിവിൽ സ്​റ്റേഷൻ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിട്ട് ഏഴുമാസം പിന്നിടുമ്പോഴും പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ അടുത്തുള്ള പഴയ കെട്ടിടം പൊളിച്ചു നിർമിക്കാൻ കഴിഞ്ഞ മാർച്ചിലാണ് മൂന്നു കോടി രൂപ അനുവദിച്ചത്.

പൊതുമരാമത്ത്​ വകുപ്പിനായിരുന്നു നിർമാണ ചുമതല. എന്നാൽ, മൂന്നു കോടി രൂപ കെട്ടിട നിർമാണത്തിന് അപര്യാപ്തമാണെന്ന് കണ്ടെത്തി.

പിന്നാലെ പുതിയ പ്ലാനും എസ്​റ്റിമേറ്റും സമർപ്പിച്ചെങ്കിലും സർക്കാറിൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ്​ ഫയൽ തിരുവനന്തപുരത്തുതന്നെ കിടക്കുകയാണ്.

കെട്ടിടം പണി പൂർത്തീകരിക്കാൻ പത്തുകോടി രൂപയോളം വേണ്ടിവരും. കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് ഇപ്പോൾ പല ഓഫിസുകളും പ്രവർത്തിക്കുന്നത്. അസൗകര്യം കൊണ്ടും വീർപ്പുമുട്ടുന്ന താലൂക്ക് ഓഫിസ്, സബ് ട്രഷറി, സപ്ലൈ ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ് എന്നിവക്ക് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ശാപമോക്ഷം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതോടൊപ്പം സൗകര്യം ലഭിക്കാത്തതിനാൽ കൽപറ്റയിൽ പ്രവർത്തിക്കുന്ന ഓഫിസുകളും വൈത്തിരിയിലേക്കു തന്നെ മാറ്റാനും പദ്ധതിയുണ്ടായിരുന്നു.

പ്രത്യേക ഉത്തരവിലൂടെയാണ് മിനി സിവിൽ സ്​റ്റേഷന് സർക്കാർ അനുമതി നൽകിയിരുന്നത്. പ്രവർത്തന മികവിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച സബ് ട്രഷറിയാണ് അസൗകര്യങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുന്നത്.

പെൻഷൻ വാങ്ങാൻ വരുന്നവരും മറ്റും വരി നിൽക്കുന്ന ഭാഗവും അലമാരകളും പൊട്ടിപ്പൊളിഞ്ഞ വിധത്തിലാണ്.

വൈത്തിരി പഞ്ചായത്ത് ജങ്ഷനിലെ പഴകി ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ജോലിയെടുക്കുന്ന താലൂക്ക് സപ്ലൈ ഓഫിസ് ജീവനക്കാരുടെ കാര്യവും കഷ്​ടത്തിലാണ്.

മിനി സിവിൽ സ്​റ്റേഷൻ കെട്ടിട നിർമാണം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവരെല്ലാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.