ചുരം വ്യൂ പോയൻറിൽ കൂട്ടംകൂടി നിൽക്കുന്ന സഞ്ചാരികൾ

ആശങ്ക പരത്തി ചുരത്തിലേക്ക്​ സഞ്ചാരികളുടെ പ്രവാഹം

വൈത്തിരി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുമ്പോൾ വയനാട് ചുരം സഞ്ചാരികളെക്കൊണ്ട് നിറയുന്നു.  കോവിഡ് നിയന്ത്രണങ്ങൾ കാര്യമായെടുക്കാതെ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ചുരം കയറിയത് നൂറുകണക്കിന് വാഹനങ്ങൾ. കനത്ത മഴയും കോടമഞ്ഞും വകവെക്കാതെ വന്ന വാഹനങ്ങളിൽ നല്ലൊരു പങ്കും ചുരത്തിൽതന്നെ നിർത്തി കാഴ്​ചകൾ കാണുകയാണ്​. ഇതിൽ കൂടുതലും ചുരം വ്യൂ പോയൻറിലാണ് എത്തിയത്.

വാഹന ബാഹുല്യം കാരണം ചുരത്തിൽ നിരവധി തവണ ഗതാഗതം തടസ്സപ്പെട്ടു. കോരിച്ചൊരിയുന്ന മഴയിൽ നൂറുകണക്കിന്​ ആളുകളാണ് വ്യൂ പോയൻറിൽ തടിച്ചുകൂടിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും നിരവധി തവണ കോവിഡിനെ മുൻനിർത്തി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഒന്നിച്ചുകൂടരുതെന്നും പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല. പൊലീസിനെ കാണുമ്പോൾ ഒഴിഞ്ഞുപോകുന്ന യുവാക്കൾ പിന്നാലെ വീണ്ടും എത്തി ഒത്തുകൂടി ആട്ടവും പാട്ടുമായി സമയം നീക്കുകയായിരുന്നു.

ഒമ്പതാം വളവിനു താഴെ ടവർ ലൊക്കേഷനിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഷർട്ടും മാസ്കും ഊരിമാറ്റിയായിരുന്നു യുവാക്കൾ ഡാൻസ് ചെയ്തിരുന്നത്. പൊലീസ് ക്രിയാത്മകമായി ഇടപെടാത്തതുകൊണ്ടാണ് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി സഞ്ചാരികൾ മറ്റുള്ളവർക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുംവിധം ഒത്തുകൂടുന്നതെന്ന് ആക്ഷേപമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.