പൂക്കോട് തടാകത്തിലെ സഞ്ചാരികളുടെ തിരക്ക്

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി

വൈത്തിരി: വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചു. ആദ്യഘട്ടത്തിൽ തുറന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കേറി. ശനി, ഞായർ ദിവസങ്ങളിലായി നൂറുകണക്കിന് സന്ദർശകരാണ് ജില്ലയിലെത്തിയത്. ഇതര ജില്ലക്കാരായ സഞ്ചാരികളായിരുന്നു കൂടുതലും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും നിരവധി പേരെത്തി. പൂക്കോട് തടാകത്തിൽ തന്നെയാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഡി.ടി.പി.സി ഒരുക്കിയിട്ടുള്ള കോവിഡ് സുരക്ഷ ക്രമീകരണങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയത്ത് പ്രവേശനം നൽകേണ്ടവരുടെയും ഒരുദിവസം പരമാവധി നൽകേണ്ടവരുടെയും ലിസ്​റ്റ് ഡി.ടി.പി.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, സഞ്ചാരികളെ നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. പലരും മാസ്ക് ധരിക്കാതെയാണ് കറങ്ങിനടക്കുന്നത്.

സാനിറ്റൈസർ ഉൾപ്പെടെയുള്ളവയുടെ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഓരോ ബോട്ടുയാത്രക്കും ശേഷം ജാക്കറ്റും ബോട്ടും ശുചീകരിക്കേണ്ടതുണ്ട്. എല്ലാ സ്ഥലത്തും മുഴുവൻ ജീവനക്കാരെയും നിയമിച്ചിട്ടുമില്ല. സഞ്ചാരികൾ കൂട്ടംകൂടി നിൽക്കുന്നതിനും മാസ്ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥരില്ല.

കൂടുതൽ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും എല്ലാ കേന്ദ്രങ്ങളിലും പരിശോധനക്കായി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. ബോട്ടുകളും മറ്റും അണുമുക്തമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കളിപ്പാട്ടങ്ങളും ഇടവിട്ട് ശുചീകരിക്കണം. ഫസ്​റ്റ് എയ്ഡ് ബോക്സുകൾ എല്ലായിടത്തും ലഭ്യമാക്കണം. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരടക്കം ധാരാളമായി എത്തുന്നുണ്ട്. ഡി.ടി.പി.സിക്കുകീഴിലുള്ള പൂക്കോട്, എടക്കൽ ഗുഹ, കർളാട് തടാകം, പഴശ്ശി സ്മാരകം, കുറുവ ദ്വീപ് എന്നീ വിനോദ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ സഞ്ചാരികൾക്കായി തുറന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.