കെട്ടിട നിര്‍മാണം: വൈത്തിരിയിലെ നിയന്ത്രണങ്ങളില്‍ ഇളവില്ല

കല്‍പറ്റ: ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിട നിര്‍മാണത്തിനു വൈത്തിരി പഞ്ചായത്തില്‍ ബാധകമാക്കിയ നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. കെട്ടിട നിര്‍മാണ നിയന്ത്രണങ്ങളില്‍ ഇളവ് തേടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷും നിയന്ത്രണങ്ങള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡന്‍റ് എന്‍. ബാദുഷയും നല്‍കിയ നിവേദനങ്ങള്‍ തീര്‍പ്പാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ) ചെയര്‍പേഴ്‌സനുമായ കലക്ടറുടേതാണ് തീരുമാനം.

വൈത്തിരി പഞ്ചായത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം എട്ടു മീറ്ററോ രണ്ടു നിലകളോ ആയി ജില്ല ദുരന്ത നിവാരണ അതോറിറ്റി നിജപ്പെടുത്തിയിരുന്നു. പ്രളയകാലത്ത് വൈത്തിരി ടൗണിലും തളിപ്പുഴയിലും തകര്‍ന്ന കെട്ടിടങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ പൂര്‍ണമായ നിര്‍മാണ നിയന്ത്രണവും ബാധമാക്കി. ഈ പശ്ചാത്തലത്തില്‍ വൈത്തിരിയുടെ വികസനം പൊതുജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം എന്നിവ കണക്കിലെടുത്ത് കെട്ടിടങ്ങളുടെ ഉയര പരിധി 13.5 മീറ്ററോ മൂന്നു നിലകളോ ആക്കണമെന്നും പ്രളയകാലത്തു തകര്‍ന്ന കെട്ടിടങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ വിദഗ്ധ സമിതി പഠനം നടത്തണമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്‍റ് 2022 ഫെബ്രുവരി മൂന്നിനു ഡി.ഡി.എം.എ ചെയര്‍പേഴ്‌സനു നല്‍കിയ നിവേദനത്തിലെ ആവശ്യം.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി വൈത്തിരിയിലടക്കം കെട്ടിട നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രളയകാലത്ത് വൈത്തിരി പഞ്ചായത്ത് പരിധിയില്‍ ഇരുനില കെട്ടിടം പൂര്‍ണമായും ഭൂമിയിലേക്കു താഴ്ന്നുപോയി.

വ്യാപക തോതില്‍ മണ്ണിടിച്ചിലും ഉണ്ടായി. ഇത്തരം ദുരന്തങ്ങള്‍ക്കു കാരണം വീടുകള്‍, റോഡുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുത്തതാണെന്നു ചൂണ്ടിക്കാട്ടിയും പഞ്ചായത്തില്‍ നിര്‍മാണ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിവേദനം. രണ്ടു നിവേദനങ്ങളും പരിഗണിച്ച ഡി.ഡി.എം.എ ദുരന്തസാധ്യത കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണത്തിനു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വൈത്തിരി പഞ്ചായത്തിനു മാത്രമായി പൊതുവായ ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപന പരിധികളില്‍ കെട്ടിട നിര്‍മാണത്തിനു 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഉത്തരവുകളിലൂടെ നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്.

തകര്‍ന്നുവീണ കെട്ടിടങ്ങള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലങ്ങളിലും 500 മീറ്റര്‍ പരിധിയിലും പഠനത്തിനു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധരെ നിയോഗിക്കാനും ഡി.ഡി.എം.എ തീരുമാനിച്ചിട്ടുണ്ട്.

തീരുമാനം അശാസ്ത്രീയം –പഞ്ചായത്ത് പ്രസിഡന്‍റ്

വൈത്തിരി: വൈത്തിരി പഞ്ചായത്തിൽ കെട്ടിട നിർമാണത്തിന് ദുരന്തനിവാരണ അതോറിറ്റിയുടെ നിയമം ശരിവെച്ച ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. വിജേഷ് മാധ്യമത്തോട് പറഞ്ഞു. വൈത്തിരിയിൽ കൊണ്ടുവന്ന നിയമം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ അടിവരയിട്ടു ഭരണകൂടത്തെ ബോധ്യപ്പെടുത്തിയിട്ടും തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

കലക്ടറുടെ തീരുമാനം ജനവിരുദ്ധം –കോൺഗ്രസ്

വൈത്തിരി: വൈത്തിരിയിലെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി കൊണ്ടുവന്ന നിയന്ത്രണം ശരിവെച്ച ജില്ല കലക്ടറുടെ തീരുമാനം ഏകപക്ഷീയവും ജനവിരുദ്ധവുമാണെന്ന് വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ.എ. വർഗീസ് പറഞ്ഞു. വൻകിട മുതലാളിമാർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾക്കായി വൻതോതിൽ കുന്നുകളിടിച്ചു നിരത്തുന്നതിനെതിരെ കണ്ണടക്കുന്ന ജില്ല ഭരണകൂടം സാധാരണക്കാർക്ക് ഒരു വീടുവെക്കാൻ പോലും അനുമതി നൽകാത്ത നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - No relaxation in Building Construction restrictions in vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.