വയനാട് ചുരത്തിൽ ചോക്ലേറ്റ് ലോറി മറിഞ്ഞു

വൈത്തിരി: വയനാട് ചുരത്തിലെ എട്ടാം വളവിന് സമീപം ചോക്ലേറ്റ് ലോറി മറിഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞത്​.

അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട്​ താമരശ്ശേരി താലൂക്ക്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് ചോക്ലേറ്റ് കയറ്റി വരുന്ന കണ്ടെയ്​നർ ലോറിയാണ് മറിഞ്ഞത്.

ചുരത്തിൽ ഒരുമാസത്തിനിടെ അറുപതിലധികം അപകടം; അധികവും ബൈക്കുകൾ

വയനാട് ചുരത്തിൽ അപകടങ്ങളും ഗതാഗത കുരുക്കും നിത്യസംഭവമാണ്​. ചെറുതും വലുതമായി ഒരു അപകടമെങ്കിലും ഇല്ലാത്ത ഒരു ദിവസവുമില്ല. ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറിയ പങ്കും അമിതവേഗത മൂലമുണ്ടാകുന്നവയാണ്. അവധി ദിനങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.

വാഹന ബാഹുല്യത്തിനിടയിലും അമിതവേഗതയിലെത്തു വാഹനങ്ങളാണ് മിക്കപ്പോഴും അപകടങ്ങൾക്കു ഹേതുവാകുന്നത്. വളവുകളിൽ മറികടക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നു. ഇപ്പോൾ ചുരത്തിലെവിടെയും ഈ ബോർഡുകളില്ല. ഉണ്ടെങ്കിൽ തന്നെ ആരും അനുസരിക്കുന്നുമില്ല.

ഇതര ജില്ലകളിൽ നിന്നും വരുന്ന ചെറുവാഹനങ്ങളും ഓവർടേക് ചെയ്യുന്നതുമൂലം അപകടം ക്ഷണിച്ചു വരുത്തുന്നു. ബൈക്കുകളുമായി കൂട്ടമായി യാത്ര ചെയ്യുന്ന യുവാക്കൾ ഒന്നിച്ചു പോകാനുള്ള വ്യഗ്രതയിൽ നിയമം ലംഘിച്ചു മറികടന്നെത്തുന്നതും അപകടങ്ങളിലേക്കാണ്. ചുരത്തിൽ കഴിഞ്ഞ മാസം ഉണ്ടായ അറുപതിലധികം അപകടങ്ങളിൽ മിക്കതിലും ബൈക്കുകളാണ്​ ഉൾപ്പെട്ടത്​. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ചുരം കയറുന്ന ടിപ്പർ, ടോറസ് ലോറികളുടെ എണ്ണത്തിലും വൻവർധനവുണ്ട്​. നൂറു കണക്കിന് ടോറസുകളാണ് ദിവസവും ചുരം കയറുന്നത്. ഇതിൽ മിക്കതും അനുവദിക്കപ്പെട്ടതിന്‍റെ ഇരട്ടി ഭാരവുമായി അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്.

പതിനാലിലധികം ചക്രങ്ങളുള്ള മൾട്ടി ആക്സിൽ ലോറികൾ ചുരത്തിലൂടെ സഞ്ചരിക്കുന്നത് അപകടമുണ്ടാക്കുക മാത്രമല്ല പലപ്പോഴും ഹെയർപിൻ വളവുകളിൽ കുടുങ്ങി മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കും ഉണ്ടാക്കുന്നുണ്ട്. ഇത്തരം ലോറികൾ നാൽപതിനുമുകളിൽ ടൺ ലോഡുമായാണ് ചുരത്തിലൂടെ പോകുന്നത്. ഒൻപതാം വളവിനു താഴെ ടവറിനു സമീപം റോഡിനു വീതി വളരെ കുറവാണ്​. ഈ ഭാഗത്താണ്​ അപകടം കൂടുതൽ. അതോടൊപ്പം ഗതാഗത കുരുക്കും രൂക്ഷമാണ്​.

പൊലീസ് സാന്നിധ്യം അനിവാര്യം

സ്ഥിരം തിരക്ക് അനുഭവപ്പെടുന്ന വ്യൂ പോയിന്‍റ്​, ടവർ, രണ്ടും നാലും വളവുകൾ എന്നിവിടങ്ങളിൽ എപ്പോഴും പൊലീസ് സാന്നിധ്യം അനിവാര്യമാണ്. മൂന്നു ഷിഫ്റ്റ് ജോ‌ലിയായതുകൊണ്ടു ഹൈവെ പൊലീസിൽ പലപ്പോഴും എ.എസ്.ഐമാരാണുണ്ടാവുക. ഇവർക്ക് പിഴയടപ്പിക്കാൻ കഴിയില്ല. ഹൈവെ പൊലീസിനാണെങ്കിൽ പടനിലം മുതൽ ലക്കിടി വരെയുള്ള കാര്യങ്ങൾ നോക്കുകയും വേണം. ലക്കിടി പോസ്റ്റിലെ പൊലീസുകാർക്ക് ഒരു ജീപ്പും ഒരു ബൈക്കും ഉണ്ടെങ്കിലും ഓടിക്കാനാളില്ലാത്തതുകൊണ്ട് അപകടസമയത് എത്തിപ്പെടാൻ കഴിയാതെ പോകുന്നുണ്ട്. ഓവർസ്പീഡും ഓവർലോഡും ഓവർടേക്കിങ്ങും നിയന്ത്രിച്ചാൽ തന്നെ അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാമെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡന്‍റ്​ മൊയ്തു മുട്ടായി പറയുന്നു. അതിനുള്ള സംവിധാനങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം.

Tags:    
News Summary - Chocolate lorry overturns in Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.