വൈത്തിരി പൊലീസ്
സ്റ്റേഷനുവേണ്ടി നിർമിക്കുന്ന
മൂന്നുനില കെട്ടിടം
വൈത്തിരി: വൈത്തിരിയിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം 2018ലെ പ്രളയത്തിൽ തകർന്ന് നാലു വർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായില്ല. കെട്ടിട നിർമാണം പൂർത്തിയാകാത്തതിനാൽ വൈത്തിരി പൊലീസ് സ്റ്റേഷനിലെ അറുപതോളം വരുന്ന പൊലീസുകാർ നിന്നുതിരിയാനിടമില്ലാതെ താൽക്കാലിക കെട്ടിടത്തിൽ ദുരിതമനുഭവിക്കുകയാണ്. വിഷയത്തിൽ ജില്ല പൊലീസ് മേധാവി ഇടപെട്ടതോടെ കെട്ടിട നിർമാണം പൂർത്തിയാക്കാൻ കരാറുകാർ തയാറായിരിക്കുകയാണിപ്പോൾ. അധികം വൈകാതെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് വൈത്തിരിയിലെ പൊലീസുകാർ.
നാലുവർഷം മുമ്പ് അർധരാത്രിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് ഒലിച്ചുപോയതോടെയാണ് പൊലീസ് സ്റ്റേഷന്‍റെ പ്രവർത്തനം സി.ഐയും എസ്.ഐയും താമസിച്ചിരുന്ന കാലപ്പഴക്കം ചെന്ന കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയത്. തൊട്ടടുത്ത വർഷം തന്നെ പുതിയ കെട്ടിത്തിന്‍റെ നിർമാണത്തിന് അനുമതിയായിരുന്നു. തുടർന്ന് ഹാബിറ്റാറ്റ് നിർമാണ കമ്പനിക്ക് കരാർ ലഭിച്ചു. മൂന്നുനില കെട്ടിടത്തിന്‍റെ 80% നിർമാണവും പൂർത്തിയായെങ്കിലും ഫണ്ട് ലഭിക്കുന്നില്ലെന്ന് കാണിച്ച് രണ്ടുവർഷമായി കരാറുകാർ പണി നിർത്തിവെച്ചിരിക്കുകയാണ്.
അറുപതോളം വരുന്ന വനിതകളടക്കമുള്ള പൊലീസുകാർ പഴയ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഇരിക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. വൈത്തിരി പൊലീസ് സ്റ്റേഷനൊപ്പം നിർമാണം തുടങ്ങിയ തൊണ്ടർനാട് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം രണ്ടുമാസം മുമ്പ് കഴിഞ്ഞു. പനമരം പൊലീസ് സ്റ്റേഷന്റെ ഉദ്‌ഘാടനം ഈ മാസം 30ന് നടക്കും. എന്നാൽ, അപ്പോഴും വൈത്തിരി പൊലീസ് സ്റ്റേഷന് കെട്ടിട നിർമാണം അനിശ്ചിതമായി നീളുകയാണ്. ഇപ്പോൾ പുതുതായി ചുമതലയേറ്റെടുത്ത ജില്ല പൊലീസ് മേധാവി പ്രശ്നത്തിൽ ഇടപെട്ടതോടെ കെട്ടിട നിർമാണം ഒരാഴ്ചക്കുള്ളിൽ വീണ്ടും ആരംഭിക്കാൻ കരാറുകാർ തയാറായിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ പണി തുടങ്ങാൻ കരാറുകാർക്ക് കർശന നിർദ്ദേശം നൽകിയതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് 'മാധ്യമ'ത്തോട് പറഞ്ഞു. നിശ്ചിതസമയത്തിനകം പണി തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്തില്ലെങ്കിൽ നിയമ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത തിങ്കളാഴ്ച തന്നെ പണി തുടങ്ങാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ കമ്പനിയുടെ എൻജിനീയർ അറിയിച്ചു. ഉദ്‌ഘാടനം നടക്കുന്ന പനമരം പൊലീസ് സ്റ്റേഷന്റെ അവസാന മിനുക്കു പണികൾ കൂടി കഴിഞ്ഞാൽ വൈത്തിരി പൊലീസ് സ്റ്റേഷൻ നിർമാണ പ്രവർ
ത്തികൾ പുനരാരംഭിക്കുമെന്നും നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ പണികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.