വനം വകുപ്പിന്റെ പിടിയിലായവർ
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ചിലെ നായ്ക്കട്ടിയിൽ നിന്നും രണ്ട് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ രണ്ടുപേർ പിടിയിൽ. മുത്തങ്ങ കുഴിമൂല കോളനിയിലെ വിനോദ് (22), മുത്തങ്ങ പൊൻകുഴി കോളനിയിലെ രാജു (24) എന്നിവരാണ് അറസ്റ്റിലായത്.
കഷ്ണങ്ങളാക്കി ചെത്തി മിനുക്കിയ 35 കിലോയോളം ചന്ദനത്തടികൾ ഇവരിൽ നിന്നും പിടിച്ചെടുത്തു.
നായ്ക്കട്ടിയിൽ നിന്നും ചന്ദനക്കഷ്ണങ്ങൾ കർണാടക അതിർത്തിയിലെത്തിച്ച് വിൽപന നടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. പൊൻകുഴി കോളനിയിലെ ഗണേശനായിരുന്നു മരം മുറിക്കുന്നതിന് നേതൃത്വം വഹിച്ചത്. ഇയാളെ പിടികൂടാനായിട്ടില്ല. പ്രതികൾക്ക് അന്തർസംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
വനം വകുപ്പ് പിടിച്ചെടുത്ത ചന്ദന തടികൾ
സുൽത്താൻ ബത്തേരി അസി. വൈൽഡ് ലൈഫ് വാർഡൻ എസ്. രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.ബി. ഗോപാല കൃഷ്ണൻ, എസ്.എഫ്.ഒമാരായ ഒ.എ. ബാബു, കെ. പ്രകാശ്, കുഞ്ഞുമോൻ, ജി. ബാബു, വി. രാഘവൻ, പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഉല്ലാസ്, ഫർഷാദ്, ജിബിത്ത് ചന്ദ്രൻ, വാച്ചർമാരായ രാമചന്ദ്രൻ, ശിവൻ, ഗോവിന്ദൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.