ഗൂഡല്ലൂർ: തെരഞ്ഞെടുപ്പിന്റെ ഭാഗമായ വാഹന പരിശോധന കർശനമാക്കിയതിനാൽ ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. നീലഗിരി ജില്ല അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായതിനാൽ ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. അയൽ സംസ്ഥാനങ്ങളായ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ധാരാളം വിനോദസഞ്ചാരികൾ എത്തിയിരുന്നു. ഉഷ്ണം വളരെ കൂടുതലായതോടെ തണുപ്പ് ആസ്വദിക്കാനായി ധാരാളം വിനോദസഞ്ചാരികൾ ഊട്ടിയിലെത്തിയിരുന്നു. സമതലങ്ങളിൽ വേനൽച്ചൂട് തുടങ്ങിയതിനാൽ ഈ മാസം വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ തമിഴ്നാട്ടിൽ ഏപ്രിൽ 19ന് പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 16ന് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചട്ടലംഘനങ്ങൾ തടയാനും അനധികൃത പണക്കടത്ത് തടയാനുമായി ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ വാഹന പരിശോധന കർശനമാക്കുകയും ചെയ്തു. ഊട്ടിയിലേക്കുള്ള പ്രവേശന കവാടമായ ഗൂഡല്ലൂരിൽ വാഹന പരിശോധന കർശനമായി നടത്തുന്നുണ്ട്. വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഇവർ പരിശോധിക്കുന്നുണ്ട്.
സഞ്ചാരികളുടെ കൈവശമുള്ള പണം നിശ്ചിത തുകയേക്കാൾ കൂടുതലാണെങ്കിൽ, ഫ്ലൈയിംഗ് സ്ക്വാഡ് ഓഫിസർമാർ കണ്ടുകെട്ടുന്നുണ്ട്. ഈ പണം വീണ്ടെടുക്കാനുള്ള പൊല്ലാപ്പ് ഏറെയാണ്. അതിനാൽ മിക്ക വിനോദസഞ്ചാരികളും ഊട്ടി യാത്ര ഒഴിവാക്കുകയാണ്. ഇതുമൂലം ഊട്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ നാലുദിവസമായി ഗണ്യമായ കുറവുണ്ടായി. ഊട്ടിയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. വിനോദസഞ്ചാരികളെ ആശ്രയിച്ചാണ് ഊട്ടി, ഗൂഡല്ലൂർ ഉൾപ്പെടെയുള്ള വ്യാപാര മേഖല നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.