വെള്ളമുണ്ട: ആദിവാസി വിഭാഗത്തിലെ മാനസിക വെല്ലുവിളി നേരിടുന്നവരെ ശ്രദ്ധിക്കാനാളില്ല. അതിനാൽ പല ഉന്നതികളിലെയും ഇത്തരക്കാർ ദുരിതക്കയത്തിലാണ്. ജില്ലയിലെ വിവിധ ഉന്നതികളിലായി നിരവധി മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ് ആരാലും ശ്രദ്ധിക്കാനാളില്ലാതെ റോഡിലും ഉന്നതികളിലും അലയുന്നത്. രാത്രിയിലടക്കം റോഡിൽ കിടക്കുന്ന രോഗികളായ സ്ത്രീകളെ സാമൂഹ്യവിരുദ്ധർ ഉപദ്രവിക്കുന്നതും നിത്യസംഭവമാണെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടികാട്ടുന്നു. ഇത്തരം രോഗികൾ അപകടത്തിൽപെടുന്നതും മരണപ്പെടുന്നതും വാർത്തയാവാറുപോലുമില്ല. വെള്ളമുണ്ട ഏഴേനാൽ എടത്തിൽ ഉന്നതിയിലെ ശാന്ത എന്ന വീട്ടമ്മക്ക് റോഡിൽ അലഞ്ഞു തിരിയുന്നതിനിടെ അടുത്തിടെ കട്ടയാടുവെച്ച് ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റിരുന്നു. ചികത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇവർ മരണപ്പെട്ടത്. ദീർഘകാലമായി മാനസിക രോഗത്തിന് അടിപ്പെട്ട് അലഞ്ഞുതിരിയുകയായിരുന്നു. എന്നാൽ അവരെ ശ്രദ്ധിക്കാനോ ആവശ്യമായ ചികിത്സ ലഭ്യമാക്കാനോ ട്രൈബൽ വകുപ്പ് പോലും തയാറായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭക്ഷണവും ചികിത്സയും കിട്ടാതെ അലയുന്ന രോഗികളെ സംരക്ഷിക്കാൻ ഫണ്ടുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്താറുമില്ല.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൊച്ചാറ, മംഗലശ്ശേരി തുടങ്ങി നിരവധി ഉന്നതികളിൽ കുട്ടികളടക്കം മാനസിക വൈകല്യമുള്ളവർ ഏറെയുണ്ട്. രോഗം മൂർഛിക്കുന്ന അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിന്റെ ഭാഗമായ ഇൻഹാൻസിൽനിന്ന് ഡോക്ടർമാർ വീടുകളിലെത്തി ഇത്തരം രോഗികളെ പരിശോധിക്കുകയും മരുന്ന് കൊടുക്കുകയും ചെയ്യുന്ന പദ്ധതി നിലവിലുണ്ട്. എന്നാൽ, ഡോക്ടർ നൽകുന്ന മരുന്ന് കൃത്യമായി രോഗിക്ക് നൽകാനും പരിചരിക്കാനും സംവിധാനമില്ല. ബന്ധുക്കൾ ഇവരെ നോക്കാൻ കഴിയാതെ ഇറക്കിവിടുന്നതും പതിവാണ്. ഇങ്ങനെയുള്ള രോഗികളാണ് റോഡിലും മറ്റുമായി അലഞ്ഞുതിരിയുന്നത്.
വനം പ്രദേശത്ത് ആരാലും ശ്രദ്ധിക്കാതെ അലയുന്ന രോഗികൾ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കിരയാവുന്നതും അപകടങ്ങളിൽ പെടുന്നതും പതിവാണ്. പണിയ വിഭാഗത്തിലാണ് മാനസിക വൈകല്യമുള്ള രോഗികൾ കൂടുതലുള്ളത്. അമിത മദ്യപാനവും ഇതേതുടർന്നുണ്ടാകുന്ന സംഘർഷവുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നതെന്ന് ട്രൈബൽ പ്രമോട്ടർമാർ ചൂണ്ടികാട്ടുന്നു. ആത്മഹത്യ പ്രവണതയും പണിയ വിഭാഗത്തിൽ വർധിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ചെറുപ്പക്കാർപോലും ആത്മഹത്യ ചെയ്യുന്നതും മാനസിക രോഗികളായി മാറുന്നതും കൂടിയിട്ടുണ്ട്. എന്നാൽ, കൃത്യമായ പഠനമോ നടപടികളോ ഇതേകുറിച്ച് ഉണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.