കൽപറ്റ: കരാറെടുക്കാൻ ആളില്ലാത്തതിനാൽ സമ്പൂർണ ഫെൻസിങ് പ്രവൃത്തി അവതാളത്തിൽ. വന്യമൃഗശല്യത്തെ പ്രതിരോധിക്കാനായി ആവിഷ്കരിച്ച പദ്ധതി കരാറെടുക്കാൻ ആളില്ലാത്തതു കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്. തുക വകയിരുത്തിയിട്ടും കരാറെടുക്കാൻ ആളില്ലാത്തതിനാൽ കൽപറ്റ നിയോജകമണ്ഡലത്തിലെ ഫെൻസിങ് പദ്ധതികളിൽ പലതും മുടങ്ങി.
ചില പദ്ധതികൾക്ക് റീടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാൻ കരാറുകാർ എത്തിയില്ല. എം.എൽ.എ ഫണ്ട്, വയനാട് പാക്കേജ്, കിഫ്ബി, നബാർഡ്, ആർ.കെ.വി.വൈ തുടങ്ങിയ വിവിധ പദ്ധതികളിളുടെ പ്രവൃത്തിയാണ് മുടങ്ങിക്കിടക്കുന്നത്. തുക വകയിരുത്തിയെങ്കിലും കാരാറേറ്റെടുക്കാൻ ആളില്ലാതായതോടെ പദ്ധതി നിലച്ച മട്ടാണ്. 2022-23 വർഷം 15 ലക്ഷം രൂപ വകയിരുത്തിയ മൂപ്പൈനാട് പഞ്ചായത്തിലെ ചോലാടി-മീന്മുട്ടി-നീലിമല ഫെൻസിങ് പല തവണ ടെർഡർ വിളിച്ചിട്ടും ആരും ഏറ്റെടുത്തിട്ടില്ല.
നബാർഡ് സ്കീമിൽ അംഗീകാരം ലഭിച്ച കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ് നിർവഹണ ഉദ്യോഗസ്ഥരായ ഒൻപത് പ്രവൃത്തികൾ ഏറ്റെടുക്കാൻ ആളില്ലാത്തതു കാരണം മുടങ്ങി. 2022-23 വർഷത്തെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കോട്ടനാട്-പുഴമൂല, ചോലമല (25 ലക്ഷം), വൈത്തിരി പഞ്ചായത്തിലെ അറമല-മുള്ളൻപാറ-വട്ടപാറ-ചാരിറ്റി (25 ലക്ഷം) പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. 2023-24 വർഷത്തെ മേപ്പാടി പഞ്ചായത്തിലെ കടൂർ-ചോലമല (25 ലക്ഷം), എളമ്പലേരി-അരണമല (25 ലക്ഷം), പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം-പന്തിപൊയില്-വാളാരംകുന്ന് (25-ലക്ഷം) എന്നിവ ടെൻഡർ ചെയ്ത് ഉടൻ പ്രവൃത്തി തുടങ്ങും.
കടൂർ-ചോലമല (25 ലക്ഷം), എളമ്പലേരി-അരണമല (25 ലക്ഷം), കാപ്പിക്കളം-പന്തിപൊയിൽ-വാളാരംകുന്ന് (25-ലക്ഷം) എന്നവയും ഉടൻ തുടങ്ങും. ആർ.കെ.വി.വൈ പദ്ധതിയിലെ ഫെൻസിങ് പ്രവൃത്തികളായ അമ്പ ആറാം യൂനിറ്റ്-മാങ്ങാപ്പടി, (അഞ്ചു കിമീ) മാങ്ങാപ്പടി-അമ്പതേക്കറ (രണ്ടു കി.മീ.) എന്നീ പ്രവൃത്തികൾ സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
30 ഏക്കർ-അമ്പ (അഞ്ചു കി.മീ.) പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തിയാക്കും. നേച്ചർ ഫെൻസ് എന്ന കരാർ കമ്പനി ഏറ്റെടുത്ത കിഫ്ബി പ്രവൃത്തികളായ കാന്തൻപാറ-ആനടികാപ്പ് (ഒരു കി.മീ.), വെള്ളോലിപ്പാറ-പത്തേക്കർ പാറ (രണ്ട് കി.മീ.), അരണമല-കള്ളാടി (4.60 കി.മീ.), കുപ്പച്ചി കോളനി (1.50 കി.മീ.), റാട്ടപ്പുഴ-മേൽമുറി(ആറു കി. മീ.), ചെമ്പ്ര-കുറ്റിയാംവയൽ-മീന്മുട്ടി (മൂന്ന് കി.മീ.), മീന്മുട്ടി-ബപ്പനം അത്താണി(3.50 കി.മീ.), വേങ്ങക്കോട്-ചെമ്പ്ര(അഞ്ചു കി.മീ.), കുന്നുംപുറം-പത്താംമൈൽ(മൂന്നു കി.മീ.) എന്നീ ഫെൻസിങ് പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കും.
കൽപറ്റ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ ഫെൻസിങ് പ്രവൃത്തികളുടെ അവലോകന യോഗത്തിൽ ടെൻഡർ വിളിച്ച് പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കണമെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. പ്രവൃത്തി പൂർത്തീകരിച്ച ഫെൻസിങ്ങുകൾ തകരാറിലാകാതെ പരിപാലനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പും ചേർന്ന് ജീവനക്കാരെ നിയോഗിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ രാജി വർഗീസ്, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. ബിജു, കൽപറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. ഹാഷിഫ്, എസ്.എഫ്.ഒ കൽപറ്റ റേഞ്ച് കെ.കെ. റോയ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.