വയനാട്ടിൽനിന്ന് പന്തല്ലൂർ താലൂക്കിൽ ജോലിക്കെത്തുന്ന അധ്യാപകർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

ഗൂഡല്ലൂർ: പന്തലൂർ താലൂക്ക് അതിർത്തി മേഖലകളിലെ ഗവ. സ്കൂളുകളിൽ ജോലി ചെയ്യുന്ന, വയനാട്ടിൽ താമസിക്കുന്ന അധ്യാപകർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ പന്തല്ലൂർ താലൂക്കിലെ ചേരമ്പാടി, എരുമാട്, കയ്യൂന്നി ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ തമിഴ്​നാട്​ ഗവ. പ്രൈമറി, മിഡിൽ, ഹൈസ്കൂളുകളിൽ ജോലി ചെയ്യുന്ന 18 അധ്യാപകർ ഉണ്ട്. ഇവരുടെ വീടുകൾ വയനാട്ടിലാണ്.

ദിവസേന രാവിലെ ജോലിക്കെത്തി വൈകീട്ട് മടങ്ങിപ്പോവുന്നവരാണിവർ. കോവിഡ് പരിശോധന ഫലമൊന്നുമില്ലാതെയാണ് അതിർത്തി കടക്കുന്നതെന്ന് പരാതി ഉയർന്നതോടെ ബുധനാഴ്ച റവന്യൂ വകുപ്പ് ചോലാടി, താളൂർ ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്തിയിരുന്നു. അധ്യാപകരുടെ കൈവശം പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടതോടെ ബുധനാഴ്ച താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

വ്യാഴാഴ്ചയും സർട്ടിഫിക്കറ്റില്ലാതെ വന്നപ്പോൾ വീണ്ടും മുന്നറിയിപ്പ് നൽകി. അടുത്ത ദിവസം വരുമ്പോൾ പരിശോധന ഫലമില്ലാത്തപക്ഷം അധ്യാപകരുടെ മേൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തഹസിൽദാർ കുപ്പുരാജ് പൊലീസിന് നിർദേശം നൽകി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ കൈവശമുണ്ടെങ്കിൽ മൂന്നു ദിവസം വരെ അവർക്ക് ജോലി ചെയ്യാം. അത് കഴിഞ്ഞ് വീണ്ടും ഇവർ പരിശോധന നടത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വയനാട്ടിൽ അനുദിനം കോവിഡ്​ വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ്​ അധികൃതർ നിലപാട്​ കർക്കശമാക്കുന്നതെന്നാണ്​ സൂചന.

Tags:    
News Summary - RTPCR is mandatory for teachers coming from Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.