കൽപറ്റ: സർവിസിനിടയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തകരാറിലാകുന്നത് വേഗത്തിൽ പരിഹരിക്കാൻ റാപിഡ് റിപ്പയർ ടീം. ജില്ലക്കായി റാപിഡ് റിപ്പയർ വാഹനം അനുവദിച്ചു. സാധാരണ തകരാറുകൾ പരിഹരിക്കുന്നതിന് ഡിപ്പോകളിൽ അറിയിച്ച് വലിയ വർക്ക് ഷോപ്പ് വാനുകൾ എത്തി നന്നാക്കുകയാണ് ചെയ്തിരുന്നത്.
ഇത്തരത്തിൽ നിലവിലെ സമ്പ്രദായ പ്രകാരമുള്ള കാലതാമസം ഒഴിവാക്കി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിനാണ് കെ.എസ്.ആർ.ടിസി റാപിഡ് റിപ്പയർ ടീം ആരംഭിക്കുന്നത്. ഇതിനായി നാല് വീലുകളുള്ള അലൂമിനിയം കവേർഡ് ബോഡിയിൽ നിർമിച്ച മിനി ട്രക്കുകളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 10 യൂനിറ്റ് റാപിഡ് റിപ്പയർ ടീമുകളാണ് രൂപവത്കരിക്കുക. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകൾ ഉൾപ്പെടെ സ്പെയർപാർട്സും കരുതിയിരിക്കും.
അന്തർസംസ്ഥാന സർവിസുകൾ ഉൾപ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകൾ പരിഹരിക്കുന്ന തരത്തിൽ പ്രത്യേക പ്രദേശങ്ങൾ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപിഡ് റിപ്പയർ ടീമുകളെ നിയോഗിക്കുന്നത്. വയനാട് ജില്ല, മൈസൂരു, ബംഗളൂരു തുടങ്ങിയ അന്തർ സംസ്ഥാന ഓപറേറ്റിങ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സിയുടെ വാഹനങ്ങൾ നന്നാക്കുന്നതിന് സുൽത്താൻബത്തേരി യൂനിറ്റിനാണ് ആർ.ആർ.ടി വണ്ടി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.