സുജല സ്വകാര്യ ബസിലെ ജോലിക്കിടിയിൽ സജിത ‘കൃഷ്ണാഞ്ജലി’ ബസിലെ ജോലിക്കിടെ
പുൽപള്ളി: സ്വകാര്യ ബസ് കണ്ടക്ടർമാരിൽ സ്ത്രീ ശക്തി. കാക്കി ഉടുപ്പിട്ട വനിതകൾ വയനാട്ടിലെ സ്വകാര്യ ബസുകളിലും കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചു. ജില്ലയിൽ രണ്ട് വനിതകളാണ് സ്വകാര്യബസുകളിൽ കണ്ടക്ടർമാരായുള്ളത്. കോളിയാടി ചെറുമാട് പുതുപുരക്കൽ സജിതയും പുൽപള്ളി ചണ്ണോത്തുകൊല്ലി സ്വദേശിയായ ഞാലി പുത്തൻപുരയിൽ സുജലയുമാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്. രണ്ടുപേരും നാലുമാസമായി കണ്ടക്ടർ ജോലിക്ക് കയറിയിട്ട്.
സ്വകാര്യ ബസുകളിൽ പുരുഷന്മാരാണ് സാധാരണയായി കണ്ടക്ടർമാരാവാറുള്ളത്. എന്നാൽ വനിതകൾ ഈ രംഗത്തേക്ക് വരുന്നതിനെ യാത്രക്കാരും സ്വാഗതം ചെയ്യുകയാണ്. സുൽത്താൻ ബത്തേരി-ചീരാൽ റൂട്ടിലെ കൃഷ്ണാഞ്ജലി ബസിലാണ് സജിത. ആദ്യമായി സ്വകാര്യബസിൽ കണ്ടക്ടർ കുപ്പായമണിഞ്ഞ സജിതയെ കുടുംബശ്രീ ആദരിച്ചിരുന്നു. അക്കൗണ്ടന്റ് ജോലിയിൽ നിന്നാണ് സുജല കണ്ടക്ടർ ജോലിയിലെത്തിയത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ വനിത കണ്ടക്ടർമാരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ ബസുകളിൽ തീരെ കുറവാണ്. രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് മണി വരെയുള്ള സമയത്താണ് ജോലി. പുൽപള്ളിയിലെ കെ.ബി.ടി ഗ്രൂപ്പിന്റെ എല്ലാ ബസുകളിലും ഓരോ ദിവസവും മാറി മാറി സുജല ജോലി ചെയ്യാറുണ്ട്.
എല്ലാ തൊഴിൽ മേഖലകളിലേക്കും വനിതകൾ കടന്നുവരുന്ന സാഹചര്യത്തിലാണ് വനിതകളെയും ബസിൽ കണ്ടക്ടറാക്കിയതെന്ന് ബസുടമയായ ബ്രിജേഷ് കാട്ടാംകോട്ടിൽ പറയുന്നു.
വനിത കണ്ടക്ടർമാർ ഏറെ സൗഹാർദത്തോടെയാണ് യാത്രക്കാരോട് പെരുമാറുന്നത്. വനിതകൾ കൂടുതലായി വരുന്നേതോടെ മത്സര ഓട്ടവും അതോടനുബന്ധിച്ചുള്ള സംഘർഷങ്ങളുമൊക്കെ കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.