പുൽപള്ളി: അതിജീവനത്തിന്റെ ഓര്‍മയില്‍ കബനിക്കരയില്‍ വേടഗൗഡർ മൂരി അബ്ബ ആഘോഷിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍നിന്ന് പലായനം ചെയ്ത വേടഗൗഡരുടെ ആഘോഷമാണിത്.
കേരളത്തെയും കര്‍ണാടകത്തെയും വേര്‍തിരിക്കുന്ന കബനീനദിക്കരയില്‍, ദീപാവലി കഴിഞ്ഞ് വരുന്ന അമാവാസിയുടെ പിറ്റേദിവസം കര്‍ണാടകയിലെ ദൊഡ്ഡബൈര കുപ്പയിലെ (ബൈരക്കുപ്പ) ക്ഷേത്രത്തില്‍ നടക്കുന്ന അനുഷ്ഠാന കർമങ്ങളുടെ ഭഗമായാണ് മൂരി അബ്ബ അഥവ മൂരിച്ചാട്ടം എന്ന ആഘോഷം നടക്കുന്നത്.
മൂരി അബ്ബ ആഘോഷം തുടങ്ങുന്നതിന് ഒരാഴ്ചമുമ്പ് ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള കാളകളെ കുളിപ്പിച്ച് നല്ല തീറ്റകളും മറ്റും നൽകി നിർത്തുക പതിവാണ്. കബനിയുടെ ഇരുകരയിലുമുള്ള ഈ വിഭാഗക്കാര്‍ പല കടവുകളില്‍നിന്നും പല സംഘങ്ങളായി ചെണ്ടമേളങ്ങളുടെയും കാവടി സംഘങ്ങളുടെയുമെല്ലാം അകമ്പടിയോടെയാണ് ബൈരക്കുപ്പ ക്ഷേത്രാങ്കണത്തിലെത്തുന്നത്.
കൃഷിയും കന്നുകാലി വളര്‍ത്തലും ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരുന്ന ഒരു ജനസമൂഹം പലായനത്തെത്തുടര്‍ന്ന് എത്തിപ്പെട്ട നാട്ടിലും അവര്‍ ആ ആചാരം കൈവിടുന്നില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഈ ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.